സിസ്റ്റര്‍ ലിനിയുള്‍പ്പെടെയുള്ളവരുടെ ത്യാഗങ്ങളെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു, അക്ഷരാര്‍ത്ഥത്തില്‍, ജീവന്‍ പണയം വച്ചു പോരാടിക്കൊണ്ടിരിക്കുന്നവരാണ് നഴ്‌സുമാര്‍, അവരുടെ ധീരതയാണ് നമ്മുടെ കരുത്ത്; ലോക നഴ്‌സ് ദിനത്തില്‍ ആശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകം ഇന്ന് നഴ്‌സ് ദിനം ആചരിക്കുമ്പോഴും മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുഴുകിയിരിക്കുകയാണ് നഴ്‌സുമാര്‍. പടര്‍ന്നുപിടിച്ച് കൊറോണ ഓരോ ജീവനുകളും കവര്‍ന്നെടുക്കുമ്പോഴും സ്വന്തം ജീവന്‍ പോലും മറന്ന് ജനരക്ഷയ്ക്കായി പോരാടുകയാണ് നഴ്‌സുമാര്‍.

ലോക നഴ്‌സ് ദിനത്തില്‍ നഴ്‌സുമാര്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടകാരിയായ ഒരു വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെ വകവയ്ക്കാതെ നാടിനു വേണ്ടി രാപ്പകലെന്നില്ലാതെ നഴ്‌സുമാര്‍ അദ്ധ്വാനിക്കുകയാണെന്നും അവരോട് ഈ ലോകം കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി നഴ്‌സുമാര്‍ക്ക് ആശംസകള്‍ അറിയിച്ചത്. ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയില്‍ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ്. ആ യുദ്ധത്തിന്റെ ഏറ്റവും മുന്‍നിരയില്‍, അക്ഷരാര്‍ത്ഥത്തില്‍, ജീവന്‍ പണയം വച്ചു പോരാടിക്കൊണ്ടിരിക്കുന്ന വിഭാഗങ്ങളില്‍ ഒന്ന് നഴ്‌സുമാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അവരില്‍ രോഗബാധിതരായവര്‍ പോലും ഭയന്നു പിന്‍വാങ്ങാതെ സേവനസന്നദ്ധരായി വീണ്ടും മുന്നോട്ടു വന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുന്ന കാഴ്ചകളാണ് നമ്മള്‍ കണ്ടത്. അവരുയര്‍ത്തുന്ന പ്രതിരോധമാണ് ഈ രോഗത്തില്‍ നിന്നും അനവധി പേരുടെ ജീവന്‍ രക്ഷിച്ചത്. അവര്‍ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തില്‍ നമ്മുടെ കരുത്തായി മാറുന്നത് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നമ്മളിന്നൊരു യുദ്ധത്തിലാണ്. ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയില്‍ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്‌നത്തില്‍. ആ യുദ്ധത്തിന്റെ ഏറ്റവും മുന്‍നിരയില്‍, അക്ഷരാര്‍ത്ഥത്തില്‍, ജീവന്‍ പണയം വച്ചു പോരാടിക്കൊണ്ടിരിക്കുന്ന വിഭാഗങ്ങളില്‍ ഒന്ന് നഴ്‌സുമാരാണ്. അപകടകാരിയായ ഒരു വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെ വകവയ്ക്കാതെ നാടിനു വേണ്ടി രാപ്പകലെന്നില്ലാതെ അവര്‍ അദ്ധ്വാനിക്കുകയാണ്. അവരില്‍ രോഗബാധിതരായവര്‍ പോലും ഭയന്നു പിന്‍വാങ്ങാതെ സേവനസന്നദ്ധരായി വീണ്ടും മുന്നോട്ടു വന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുന്ന കാഴ്ചകളാണ് നമ്മള്‍ കണ്ടത്. അവരുയര്‍ത്തുന്ന പ്രതിരോധമാണ് ഈ രോഗത്തില്‍ നിന്നും അനവധി പേരുടെ ജീവന്‍ രക്ഷിച്ചത്. അവര്‍ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തില്‍ നമ്മുടെ കരുത്തായി മാറുന്നത്.

കേരളത്തില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും ഈ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ മലയാളികളായ നഴ്‌സുമാര്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഈ നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. ലോക നഴ്‌സസ് ദിനത്തില്‍ ഈ ഘട്ടത്തില്‍ അവരുള്‍പ്പെടെ എല്ലാ നഴ്‌സുമാരും കാഴ്ചവച്ച മഹനീയ സേവനങ്ങളെ അഭിനന്ദിക്കുന്നു. നിപ്പ പകര്‍ച്ച വ്യാധിക്കെതിരെയുള്ള പോരാട്ടത്തില്‍ മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുള്‍പ്പെടെയുള്ളവരുടെ ത്യാഗങ്ങളെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. അവരോട് ഈ ലോകം കടപ്പെട്ടിരിക്കുന്നു

Exit mobile version