സുരക്ഷാ ബോട്ടുകള്‍ കട്ടപ്പുറത്ത്; മത്സ്യത്തൊഴിലാളുടെ ജീവിതം ദുരിതത്തില്‍

മത്സ്യബന്ധനത്തിനു പോകുന്ന ഭൂരിഭാഗം ബോട്ടുകളും കേടുപാടു പറ്റി ഉപയോഗശൂന്യമായി കിടക്കുകയാണ്.

കോഴിക്കോട്; കോഴിക്കോട്ടെ മത്സ്യത്തൊഴിലാളുടെ ജീവിതം ദുരിതത്തില്‍. ജീവന്‍ പണയം വെച്ച് കടലിലിറങ്ങേണ്ട സാഹചര്യമാണ് ഇവിടെ ഉള്ള മത്സ്യത്തൊഴിലാളികള്‍ക്ക്. മത്സ്യബന്ധനത്തിനു പോകുന്ന ഭൂരിഭാഗം ബോട്ടുകളും കേടുപാടു പറ്റി ഉപയോഗശൂന്യമായി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹാര്‍ബറുകളില്‍ സജ്ജീകരിച്ച സുരക്ഷാബോട്ടുകളില്‍ പലതും കട്ടപ്പുറത്താണ്.

മത്സ്യ തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ കടലിലേക്ക് പോയാല്‍ പിന്നെ പല കുടുംബങ്ങളിലും ആധിയാണ്. തിരികെവരും വരെ ഊണും ഉറക്കവുമൊഴിച്ച് കാത്തിരിക്കുകയാണ് കുടുംബം. കാരണം സുരക്ഷിത ബോട്ടുകളിലല്ല ഇവരുടെ യാത്ര. തിരമാല അടിച്ചുകയറി ഹാര്‍ബറില്‍ നിര്‍ത്തിയിടുന്ന ഭൂരിഭാഗം ബോട്ടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

സാമ്പത്തികസഹായമൊന്നും കിട്ടാതായതോടെ പരാതി പറച്ചിലും നിര്‍ത്തി. യാത്രാസജ്ജമല്ലാത്ത ബോട്ടുകളില്‍ തന്നെയാണ് മത്സ്യബന്ധനത്തിനു പോകുന്നത്. ആഴക്കടലില്‍ ശക്തമായ കാറ്റില്‍ അപകടസൂചന ലഭിച്ചാല്‍ സഹായിക്കാനാവശ്യം വേണ്ട സുരക്ഷാബോട്ടുകളും ഇവിടില്ല.

എല്ലാ ഹാര്‍ബറുകളിലും സുരക്ഷാബോട്ടുകള്‍ കട്ടപ്പുറത്താണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ മത്സ്യ തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. ഈ സുരക്ഷാ പ്രശ്‌നങ്ങളൊക്കെ മുന്‍കണ്ടാണ് മത്സ്യബന്ധനത്തിനുപോയ പാവപ്പെട്ട തൊഴിലാളികള്‍ കടലിലേക്കിറങ്ങുന്നത്.

സ്വന്തം ജീവന്‍പോലും നോക്കാതെ ഒരു ജനതയെ പ്രളയസമയത്ത് കൈപ്പിടിച്ച് ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നവരാണ് സുരക്ഷാമാര്‍ഗങ്ങളൊന്നുമില്ലാതെ പട്ടിണിയകറ്റാന്‍ കടലിലേക്കിറങ്ങുന്നത്.

Exit mobile version