ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന്; വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള പരിശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കാകും പ്രാഥമിക പരിഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോക യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ട്രെയിന്‍ പുറപ്പെടുന്ന തീയതി ഉടനെ അറിയിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ സര്‍വീസുകള്‍ ആലോചനയിലുണ്ടെന്നും ഉടന്‍ നടപടിയാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍ഗണന ക്രമത്തിലുള്ളവരും സ്വന്തമായി വാഹനങ്ങളുള്ളവരുമാണ് നിലവില്‍ അതിര്‍ത്തി കടന്നു വരുന്നത്. മറ്റ് മാര്‍ഗങ്ങളില്ലാത്തവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡല്‍ഹി, മുംബൈ കേരള ഹൗസുകളിലും ചെന്നൈ, ബാംഗ്ലൂര്‍ നോര്‍ക്കാ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌ക് കോള്‍ സെന്ററുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version