‘കിലോമീറ്ററുകള്‍ നടന്ന് തളര്‍ന്നതിന്റെ ക്ഷീണത്തില്‍ തലയൊന്ന് ഉയര്‍ത്തിവയ്ക്കാന്‍ റെയില്‍വേ പാളത്തില്‍ തലവച്ച് ഉറങ്ങിയതാകാം അവര്‍’; പരിഹസിച്ചവരെ വിമര്‍ശിച്ച് കുറിപ്പ്; വൈറല്‍

തൃശ്ശൂര്‍: മഹാരാഷ്ട്രയില്‍ 16 പേര്‍ ട്രെയിനിടിച്ച് മരിച്ച വാര്‍ത്തയോട് പരിഹസിച്ചും അവജ്ഞയോടെയും പോസ്റ്റിടുന്നവര്‍ക്ക് ചുട്ടമറുപടിയുമായി ഡോ. നെല്‍സണ്‍ ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരക്കാരെ നെല്‍സണ്‍ ജോസഫ് രൂക്ഷമായി വിമര്‍ശിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

വേറൊരുത്തന്റെ ജീവിതവും മരണവും നോക്കി മാര്‍ക്കിടാന്‍ നടക്കുന്ന അപാര ബുദ്ധിമാന്മാര്‍
സ്വന്തം വീടിനകത്തെ കസേരയില്‍ ചാരിക്കിടന്ന് സ്മാര്‍ട്ട് ഫോണിന്റെ ടച്ച് സ്‌ക്രീനില്‍ തള്ളവിരല്‍ കൊണ്ട് തുഴഞ്ഞു തുഴഞ്ഞ് വരുന്നവര്‍ക്ക് പത്തുപതിനഞ്ചാള്‍ മരിച്ച വാര്‍ത്തയ്ക്കടിയിലോ വാര്‍ത്തയെക്കുറിച്ചുള്ള കുറിപ്പിനടീലോ ഇജ്ജാതി കമന്റിടാന്‍ തോന്നും….’

‘ വേറെങ്ങും കിടക്കാന്‍ സ്ഥലമില്ലാരുന്നോ?? ‘
‘ ഏതേലും മണ്ടന്മാര്‍ റെയില്‍വേ ട്രാക്കില്‍ കിടന്നു ഉറങ്ങുവോ ‘
‘ ഇവനൊക്കെ ചെവി കേള്‍ക്കില്ലേ ട്രെയിന്‍ വരുമ്പോ ട്രാക്കില്‍ വൈബ്രേഷന്‍ ഉണ്ടായതും ഇവനൊന്നും അറിഞ്ഞില്ലേ ‘
‘ റെയില്‍വേ ട്രാക്കില്‍ പ്രവേശിക്കരുത് എന്ന് rule ഉണ്ട്.. ‘
സ്വന്തം തല സംരക്ഷിക്കാന്‍ ഹെല്‍മറ്റ് വയ്ക്കാനുള്ള നിയമം പോലും അനുസരിക്കാന്‍ ദെണ്ണമുള്ളവന്മാരാണ്. എല്ലാ നിയമങ്ങളും പാലിച്ച് ജീവിക്കുന്ന പരമ പുണ്യാളന്മാര്‍.

നൂറ് കിലോമീറ്റര്‍ പോയിട്ട് ഒരു കിലോമീറ്റര്‍ നടന്നുതികയ്ക്കാന്‍ പറഞ്ഞാല്‍ മാറിനിന്ന് കിതയ്ക്കും അതിനകത്തെ പലരും..
എങ്ങനേലും സ്വന്തം വീട്ടിലെത്താന്‍ കിലോമീറ്ററുകള്‍ നടന്ന് തളര്‍ന്ന് അവസാനം ലോക്ക് ഡൗണാണെന്നും ട്രെയിന്‍ ഇല്ലായിരിക്കുമെന്നും ആശ്വസിച്ച് തലയൊന്ന് ഉയര്‍ത്തിവയ്ക്കാന്‍ മിനുസമുള്ള ഒരു ഇരുമ്പിന്‍ കഷണമായിട്ട് പാളത്തെ കണ്ട് അതില്‍ തലചായ്ചതായിരിക്കും..
ആര്‍ക്കറിയാം എന്താണു സംഭവിച്ചതെന്ന്? ആരാണ് മനസിലാക്കാന്‍ ശ്രമിച്ചിട്ടുള്ളത്?

ഈ ലോക്ക് ഡൗണ്‍ വരുത്തിവച്ച ഏറ്റവും വലിയ തെറ്റ് എന്താണെന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും കുറെപ്പേര്‍ ജീവിക്കുന്നുണ്ടെന്ന് മനുഷ്യര്‍ മറന്നുപോയതാണെന്ന്.

മുമ്പ് പുറത്തോട്ടിറങ്ങുമ്പൊഴൊക്കെ എവിടെവച്ചെങ്കിലും അവരെ കാണാറുണ്ടായിരുന്നു. അന്തിയാവുമ്പൊ ബസ്റ്റ് സ്റ്റാന്‍ഡുകളിലും കടത്തിണ്ണകളിലും കിടന്നുറങ്ങുന്നവരായോ താല്‍ക്കാലികമായി എന്തെങ്കിലും കൊണ്ട് മറച്ചുകെട്ടിയ കൂരകളില്‍ അന്നത്തെ അന്നം പാകം ചെയ്യുന്നവരായോ ഒക്കെ..

അങ്ങനെയെങ്കിലും അവരൊക്കെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു അവരൊക്കെ ജീവിച്ചിരുപ്പുണ്ടെന്ന്..അവരെ കാണുന്നത് കുറച്ചുപേര്‍ക്കെങ്കിലും അസ്വസ്ഥതയായിരുന്നെങ്കില്‍ പോലും. ലോകം വീടുകളിലേക്ക് ചുരുങ്ങിയപ്പൊ ഇല്ലാതായിപ്പോയത് അവര്‍ കൂടെയാണ്.

ഞാനും ഞാനുമെന്റെ കെട്ട്യോളും കുട്ടികളും പിന്നെ ഫേസ്ബുക്കിലും ടിക് ടോക്കിലുമൊക്കെയുള്ള എന്റെ ചുറ്റുമുള്ള ആള്‍ക്കാരും മാത്രമാണ് ലോകമെന്ന് പെട്ടെന്നങ്ങ് തെറ്റിദ്ധരിച്ചുപോയി..അല്ലെങ്കില്‍ അങ്ങനെ ചിന്തിക്കുന്നതാണ് സൗകര്യമെന്ന് മനസിലാക്കി അതങ്ങ് മനസിലുറപ്പിച്ചു.

അപ്പൊ ഒറ്റമുറിക്കാരനും ടാര്‍പ്പോളിന്‍ വിരിച്ചവരും എങ്ങനെ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് പാലിക്കുമെന്നോര്‍ത്ത് ബുദ്ധിമുട്ടേണ്ട. അത്താഴപ്പട്ടിണിക്കാരന്‍ എങ്ങനെ മാസ്‌ക് വാങ്ങുമെന്നോര്‍ക്കേണ്ട. വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുന്നവന്‍ സാനിറ്റൈസര്‍ കൊണ്ട് എങ്ങനെ കൈ തുടയ്ക്കുമെന്നോര്‍ക്കേണ്ട…എന്തെളുപ്പം…

ഞങ്ങളുമിവിടെ ജീവിച്ചിരിപ്പുണ്ടെന്ന് ഓര്‍മിപ്പിക്കാന്‍ അവര്‍ക്ക് അക്കൗണ്ടില്ലാതെപോയി. അവരുടെ കൂടെ നടന്നവരും സംരക്ഷിച്ചവരും ശബ്ദം നല്‍കാന്‍ ശ്രമിച്ചവരും ഇല്ല എന്നല്ല പറഞ്ഞുവരുന്നത്. ഉണ്ടായിരുന്നു..കുറച്ചുപേര്‍…

ആ കുറച്ചുപേരുടെ ശബ്ദം പലതിലും മുങ്ങിപ്പോയി…അല്ലെങ്കില്‍ കേട്ടില്ലെന്ന് നടിച്ചു. ഇതാദ്യമായല്ല നാട്ടിലേക്ക് നൂറുകണക്കിനു കിലോമീറ്ററുകള്‍ നടക്കുകയാണെളുപ്പം എന്ന് തോന്നി ഇറങ്ങിയവര്‍ മരിക്കുന്നത്.. ഇന്ത്യ അടച്ചു പൂട്ടിയിട്ടിട്ട് നാല്‍പ്പത് ദിവസം കഴിഞ്ഞു..

ഇതിനകം പലതവണ മരിച്ചുകഴിഞ്ഞിട്ടുണ്ട് പലര്‍..പല പ്രായത്തിലുള്ളവര്‍…പല നാട്ടില്‍ നിന്ന് നടന്നവര്‍…എത്ര പേര്‍ അറിഞ്ഞുവെന്ന് ആത്മാര്‍ഥമായൊന്ന് പറയണം….എത്ര മരണങ്ങളെക്കുറിച്ചറിഞ്ഞിരുന്നെന്ന് ഒന്ന് ഓര്‍ത്തുനോക്കണം..

ഒറ്റയ്ക്ക് മരിച്ചാല്‍പ്പോലും വാര്‍ത്താപ്രാധാന്യമോ ശ്രദ്ധയോ കിട്ടാത്തവരുടെ നാട്.
കൂട്ടത്തോടെ മരണപ്പെട്ട വാര്‍ത്ത അറിയുമ്പൊഴും പലരും വിഷമം പ്രകടിപ്പിക്കുന്നത് കാണുന്നോരെന്ത് വിചാരിക്കുമെന്നോര്‍ത്താണെന്ന് തോന്നാറുണ്ട് ആ വാചകത്തിന്റെ പാതിക്ക് വരുന്ന ‘ പക്ഷേ ‘ യ്ക്ക് ശേഷം വരുന്ന വാചകങ്ങള്‍ കാണുമ്പോള്‍…
സംഭവിച്ചതില്‍ വിഷമമുണ്ട് ‘ പക്ഷേ ‘…..ഇപ്പൊ അതും കഴിഞ്ഞ് മരിച്ചുകിടക്കുന്നവരെപ്പോലും വെറുതെ വിടാതെ യാതൊരു ലജ്ജയുമില്ലാതെ മാര്‍ക്കിടാനും തുടങ്ങിയിരിക്കുന്നു അവര്‍…

ഒരു കുഞ്ഞിനെ ഇടതുവശത്തും ഒരു കുഞ്ഞിനെ വലതുവശത്തും എളിയിലിരുത്തിയും കുഞ്ഞുങ്ങളെ തോളത്തിരുത്തിയും കൈപിടിച്ച് നടത്തിയുമൊക്കെ പല ജില്ലകള്‍ താണ്ടാന്‍ ശ്രമിക്കുന്നവരുടെ മനസിലെന്താണെന്ന് നോക്കി മാര്‍ക്കിടാന്‍ നോക്കണ്ട..
കഴിയില്ല… തിനുള്ള അര്‍ഹതയുമില്ല ഇവിടാര്‍ക്കും.

Exit mobile version