നെടുങ്കണ്ടത്ത് കണ്ടെത്തിയ അസ്ഥികൂടം ഒമ്പത് മാസം മുമ്പ് കാണാതായ വ്യക്തിയുടേതെന്ന് സംശയം; കാലുകള്‍ കമ്പികൊണ്ട് കെട്ടിയ നിലയില്‍; സ്റ്റെഫി ഓടിക്കയറിയത് കുറ്റിക്കാട്ടിലേക്ക്

തൊടുപുഴ: നെടുങ്കണ്ടം നാല്‍പ്പതേക്കറില്‍ കണ്ടെത്തിയ അസ്ഥികൂടം ഒമ്പത് മാസം മുമ്പ് കാണാതായ മാവടി സ്വദേശിയുടേതെന്ന് സംശയം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നാല്‍പ്പതേക്കറില്‍ കൃഷിയിറക്കാത്ത കുറ്റിച്ചെടികളും പാറക്കെട്ടുകളുമുള്ള സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. വര്‍ഷങ്ങളായി ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണിത്. കുറ്റിക്കാടുകളും, പാറക്കെട്ടും നിറഞ്ഞ പ്രദേശമായതിനാല്‍ ആളുകള്‍ ഇവിടേക്കു പോകാറില്ലായിരുന്നു

ഔഷധച്ചെടികള്‍ ശേഖരിക്കാനെത്തിയവരാണ് അസ്ഥികൂടം കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസും ഫോറന്‍സിക് അധികൃതരും വ്യാഴാഴ്ച സംഭവസ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി. അസ്ഥി കണ്ട സ്ഥലത്ത് നിന്നും കൈലി, കുട, പാതി കത്തിയ മൊബൈല്‍ ഫോണ്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

കാലിന്റെ അസ്ഥികള്‍ സമീപത്തെ ചെടികളില്‍ കമ്പി ഉപയോഗിച്ച് കെട്ടിയനിലയിലായിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഷര്‍ട്ടും കൈലിമുണ്ടും. മൊബൈല്‍ഫോണും ഭാഗീകമായി കത്തിപ്പൊയിട്ടുണ്ട്. എന്നാല്‍ കേടുപാട് സംഭവിക്കാത്തനിലയിലാണ് കുട കണ്ടെത്തിയത്.

സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. പരിസരത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളും കാണാതായ മാവടി സ്വദേശി ഉപയോഗിച്ചിരുന്നതിന് സമാനമാണ്. എന്നാല്‍ ഇയാളുടെ ബന്ധുക്കളെ സ്ഥലത്തെത്തിച്ച് തിരിച്ചറിയാന്‍ ശ്രമിച്ചെങ്കിലും സ്ഥിരീകരിക്കാനായില്ല.

കോട്ടയത്ത് നിന്നെത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു. ഡോഗ്‌സ്വാഡും അന്വേഷണത്തിനുണ്ട്. ഡോഗ് സ്‌ക്വാഡില്‍ നിന്നെത്തിയ പോലീസ് നായ സ്റ്റെഫി മണം പിടിച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്കാണ് ഓടിക്കയറിയത്. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിഎന്‍എ പരിശോധന അടക്കം നടത്തി മരിച്ചയാളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും പോലീസ് പറഞ്ഞു

Exit mobile version