ലോക്ക് ഡൗണിൽ ദുരിതത്തിലായ കോട്ടക്കലിലെ സർക്കസ് കൂടാരത്തിലെ കലാകാരന്മാർക്ക് സഹായമെത്തിച്ച് എംഎ യൂസഫലി

മലപ്പുറം: ലോക്ക് ഡൗണും കൊവിഡ് വ്യാപനവും കാരണം ആളും ആരവും ഒഴിഞ്ഞ കൂടാരത്തിൽ പട്ടിണിയിലായി ഒരു കൂട്ടം സർക്കസ് കലാകാരന്മാരും മൃഗങ്ങളും. ലോക്ക്ഡൗൺ കാരണം ദുരിതത്തിലായ മലപ്പുറം ജില്ലയിലെ കോട്ടക്കൽ പുത്തൂർ പാടത്ത് താമസമാക്കിയ സർക്കസ് കലാകാരന്മാർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായഹസ്തവുമായി രംഗത്തെത്തിയത് ആശ്വാസമായിരിക്കുകയാണ്. ഒരു മാസത്തെ ഭക്ഷണത്തിനുള്ള വസ്തുക്കളും മൂന്ന് ലക്ഷം രൂപയും സർക്കസ് മാനേജ്‌മെന്റിന് ലുലു ഗ്രൂപ്പ് പ്രതിനിധി കൈമാറി.

ലോക്ക് ഡൗൺ കാലത്ത് നൂറോളം കലാകാരന്മാരും പക്ഷിമൃഗാദികളും സർക്കസ് കൂടാരത്തിൽ പ്രയാസം അനുഭവിച്ചുവരുന്ന വാർത്ത എംഎ യൂസഫലി അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെയാണ്. ഇതോടെ അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങളുമായി ലുലു ഗ്രൂപ്പിന്റെ വാഹനം പുത്തൂർ പാടത്തുള്ള സർക്കസ് കൂടാരത്തിലേക്ക് പാഞ്ഞെത്തുകയായിരുന്നു. നിറകണ്ണുകളോടെയാണ് ലുലു ഗ്രൂപ്പിന്റെ സ്‌നേഹ സമ്മാനം കലാകാരന്മാർ ഏറ്റുവാങ്ങിയത്.

കൊടും ചൂടിലും സർക്കസ് അഭ്യാസങ്ങളിലൂടെ കാണികളെ രസിപ്പിച്ചിരുന്ന കലാകാരന്മാർ ദുരിതത്തിലായത് അറിഞ്ഞ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പ്രശ്‌നത്തിന് പരിഹാരം കാണാൻ ജീവനക്കാരോട് നിർദേശിക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കൾക്ക് പുറമെ 3 ലക്ഷം രൂപയുടെ ധനസഹായവും ലുലു ഗ്രൂപ്പ് കൈമാറി. മൃഗങ്ങൾക്കും പക്ഷികൾക്കും ആവശ്യമുള്ള പ്രത്യേക ഭക്ഷണസാധനങ്ങളും ഇക്കൂട്ടത്തിലുണ്ട്.

Exit mobile version