കൂട്ട പിരിച്ചുവിടല്‍ തുടരുന്നു; കെഎസ്ആര്‍ടിസി ഇത്തവണ ഇറക്കി വിട്ടത് 134 ജീവനക്കാരെ

ശുദ്ധീകരണം തുടരുന്ന കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍.

തിരുവനന്തപുരം: ശുദ്ധീകരണം തുടരുന്ന കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. 69 ഡ്രൈവര്‍മാരും 65 കണ്ടക്ടര്‍മാരും ഉള്‍പ്പെടെ 134 പേര്‍ക്കാണ് ഇത്തവണ പണി പോയത്. ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്തതിനാണ് ഇവരെ പിരിച്ചുവിട്ടത്. നേരത്തെ 773 പേരെ മുന്‍പും കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതുതന്നെയാണ് 134പേര്‍ക്കും പണി കിട്ടാന്‍ കാരണം.

സ്ഥിരം നിയമനം ലഭിച്ച 304 ഡ്രൈവര്‍മാര്‍ക്കെതിരെയും 469 കണ്ടക്ടമാര്‍ക്കെതിരെയുമാണ് മുന്‍പ് നടപടി സ്വീകരിച്ചിരുന്നത്. ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കാത്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് അവധിയിലായിരുന്ന ഉദ്യോഗസ്ഥരെ കെഎസ്ആര്‍ടിസി തിരികെ വിളിച്ചത്.

നിയമപ്രകാരം 5 വര്‍ഷം വരെ തുടര്‍ച്ചയായി അവധിയെടുക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ആവശ്യപ്പെട്ടാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് വ്യവസ്ഥയുണ്ട്. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളില്‍ അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരെ പിരിച്ചുവിടുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഞ്ചു വര്‍ഷം വരെ ദീര്‍ഘകാല അവധിയെടുക്കുന്ന പല ജീവനക്കാരും ഇന്ത്യയ്ക്കകത്തും വിദേശത്തുമായി ജോലി ചെയ്തുവരികയായിരുന്നു. ദേശീയ ശരാശരിയുടെ അടിസ്ഥാനത്തില്‍ ബസ് ജീവനക്കാരുടെ അനുപാതം വളരെ കൂടുതലാണ്. കൂട്ടപ്പിരിച്ചുവിടലോടെ അനുപാതത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

Exit mobile version