സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് അതിഥി തൊഴിലാളികള്‍ മടങ്ങിയത്; കേന്ദ്രം ചെലവ് വഹിച്ചിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ സ്വന്തം പണം ചെലവഴിച്ച് ടിക്കറ്റെടുത്താണ് യാത്ര ചെയ്യുന്നതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ ടിക്കറ്റ് ചെലവ് മുഴുവന്‍ വഹിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ഒരു ചെലവും വഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം തൊഴിലാളികളുടെ യാത്രാക്കൂലിയില്‍ 85 ശതമാനം കേന്ദ്രം വഹിക്കുമെന്നും ബാക്കി 15 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നുമായിരുന്നു ബിജെപിയുടെ വിശദീകരണം.

അതിഥി തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റിനെ ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് തുക ഈടാക്കുന്നതിനെതിരേ നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
ഇതിനുപിന്നാലെ നിര്‍ധനരായ തൊഴിലാളികളുടെ ടിക്കറ്റ് ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്നും സോണിയ ഗാന്ധി അറിയിച്ചു. ഇതുസംബന്ധിച്ച് എഐസിസി എല്ലാ പിസിസികള്‍ക്കും നിര്‍ദേശം നല്‍കി.

എഐസിസി നിര്‍ദേശത്തിന് പിന്നാലെ കര്‍ണാടക പിസിസി തൊഴിലാളികളുടെ യാത്രയ്ക്കായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പണം വാഗ്ദാനം ചെയ്തതോടെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ എല്ലാ തൊഴിലാളികള്‍ക്കും സൗജന്യയാത്ര പ്രഖ്യാപിച്ചു.

അതിനിടെ, കേരളത്തില്‍നിന്നുള്ള അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചെലവ് വഹിക്കാമെന്ന കെപിസിസിയുടെ വാഗ്ദാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിക്കുകയും ചെയ്തു. കെപിസിസി ഇങ്ങനെയൊരു വാഗ്ദാനം അറിയിച്ചിരുന്നല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘അവര്‍ ചെലവ് വഹിക്കാന്‍ പുറപ്പെട്ടാല്‍ എങ്ങനെയുണ്ടാകുമെന്നത് ആളുകള്‍ക്കെല്ലാം നല്ല ബോധ്യമുണ്ട്. അതിലേക്കൊന്നും കടക്കാതിരിക്കുകയാണ് നല്ലത്’ – എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Exit mobile version