സംസ്ഥാനത്തിന് ഇന്നും ആശ്വാസം; പുതിയ കൊവിഡ് കേസുകളില്ല; രോഗമുക്തരായത് 61 പേര്‍, ഇനി ചികിത്സയിലുള്ളത് 34 പേര്‍

CM Pinarayi Vijayan | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശ്വാസം. പുതുതായി ആര്‍ക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കൊറോണ അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്.

അതേസമയം, രോഗബാധയുള്ള 61 പേരുടെ റിസള്‍ട്ട് നെഗറ്റീവായതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 499 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 95 പേര്‍ ചികിത്സയിലുണ്ടായിരുന്നു. ഇതില്‍ 61 പേരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. ഇവര്‍ ഇന്ന് ആശുപത്രി വിടുമെന്നാണ് വിവരം. ഇതോടെ വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 34 ആയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

21,724 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 33,010 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 32,315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version