ലോക്ഡൗണില്‍ പൂട്ടിയിട്ട ജ്വല്ലറി വൃത്തിയാക്കാന്‍ തുറന്നു;’പുതിയ അന്തേവാസിയെ’ കണ്ട് ഞെട്ടി ഉടമ

പയ്യന്നൂര്‍: ലോക്ഡൗണില്‍ പൂട്ടിയിട്ട ജ്വല്ലറിയിലെ അന്തേവാസിയായി അടയിരിക്കുന്ന പെരുമ്പാമ്പ്. പയ്യന്നൂര്‍ ടൗണില്‍ കരിഞ്ചാമുണ്ടി ക്ഷേത്ര പരിസരത്തെ ജനതാ ജ്വല്ലറിയിലാണ് 20 മുട്ടകളിട്ട് പെരുമ്പാമ്പ് അടയിരിക്കുന്നത്.

പൂട്ടിയിട്ട ജ്വല്ലറി ഇന്നലെ രാവിലെയാണ് ഉടമ വൃത്തിയാക്കാന്‍ തുറന്ന് നോക്കിയത്. കെട്ടിടത്തിന്റെ പിന്നിലുള്ള മുറിയില്‍ പഴയ സാധനങ്ങള്‍ക്കിടയിലാണ് അടയിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് വനംവകുപ്പ് വൈല്‍ഡ് ലൈഫ് റെസ്‌ക്യുവര്‍ പവിത്രന്‍ അന്നൂക്കാരന്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. വനംവകുപ്പിന്റെ സഹായത്തോടെ മുട്ട വിരിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസത്തോളമെടുക്കും മുട്ടകള്‍ വിരിയാന്‍.

പെരുമ്പാമ്പിന് 3 മീറ്റര്‍ നീളവും 24 കിലോ തൂക്കവുമുണ്ട്. പെരുമ്പാമ്പ് മുട്ടയിട്ടിട്ട് രണ്ടാഴ്ചയായെന്ന് പവിത്രന്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ഈ പ്രദേശത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. മലയോരത്ത് നിന്നു കെട്ടിട നിര്‍മാണത്തിന് കൊണ്ടുവരുന്ന മണലിനൊപ്പം പെരുമ്പാമ്പ് ടൗണില്‍ എത്തുന്നതാണെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version