സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വേനല്‍മഴയോട് അനുബന്ധിച്ച് ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിമീ വരെ വേഗതയില്‍ വീശിയടിക്കുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിലുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടില്ലെന്നും വീടിന്റെ ടെറസില്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.

Exit mobile version