അവസാനത്തെ കൊവിഡ് രോഗിയുടെ ഫലവും നെഗറ്റീവായി; എറണാകുളം ഇനി കൊവിഡ് മുക്ത ജില്ല

കൊച്ചി: കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന ഏക കൊവിഡ് രോഗിയുടെ ഫലം നെഗറ്റീവായതോടെ എറണാകുളവും കൊവിഡ് മുക്ത ജില്ലയായി. മാർച്ച് 22ന് യുഎഇയിൽ നിന്നു മടങ്ങിയെത്തിയ എറണാകുളം കലൂർ സ്വദേശിയായ വിഷ്ണു (23) ആണ് ഇന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങിയത്. ഇന്നലെ അവസാനമായി നടത്തിയ കൊവിഡ് പരിശോധനയും നെഗറ്റീവായതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ 15, 16 സാംപിളുകളുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു.

ഏപ്രിൽ 4ന് ചുമയും ശ്വാസതടസവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണുവിനു കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയുമായി സമ്പർക്കമുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വിഷ്ണുവിനും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 29 ദിവസമായി ഐസലേഷൻ വാർഡിൽ വിദ്ഗ്ധ ചികിത്സയിൽ ആയിരുന്നു വിഷ്ണു. ചികിത്സയിൽ ഉടനീളം ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു.

എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലും നോഡൽ ഓഫിസർ ഡോ. ഫത്താഹുദീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ പി വാഴയിൽ, ആർഎംഒ ഡോ. ഗണേഷ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത നായർ, ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. റെനിമോൾ, ഡോ. വിധുകുമാർ, ഡോ. മനോജ് ആന്റണി, നഴ്‌സിങ് സൂപ്രണ്ട് സാൻറ്റി അഗസ്റ്റിൻ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലുമായിരുന്നു ചികിത്സ.

Exit mobile version