ഗ്രീന്‍ സോണായ വയനാടിന് പുതിയ ഇളവുകള്‍ ഇല്ല; ജാഗ്രത തുടരുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

വയനാട്: ഗ്രീന്‍ സോണായി പ്രഖ്യാപിച്ച വയനാടിന് പുതിയ ഇളവുകള്‍ ഇല്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അതേസമയം ലോക്ക് ഡൗണിന് ശേഷം പ്രവാസികളും അതിര്‍ത്തിക്കപ്പുറം കുടുങ്ങിയവരും വരാനിരിക്കുന്നതിനാല്‍ ജില്ലയില്‍ ജാഗ്രത തുടരുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ ഈ അവസ്ഥ നിലനിര്‍ത്തിക്കൊണ്ട് പോകാനുള്ള കഠിനമായ ശ്രമം വരും ദിവസങ്ങളിലും നടത്തണമെന്നാണ് ഇന്നത്തെ അവലോകന യോഗത്തില്‍ ഉണ്ടായിട്ടുള്ള നിഗമനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കുരങ്ങുപനി വ്യാപകമാകുന്ന തിരുനെല്ലി പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. പുറത്ത് നിന്നുള്ളവര്‍ ഇങ്ങോട്ട് വരുന്നതാണ് വയനാട്ടിലെ പ്രധാന പ്രശ്നം. അവരോടെല്ലാം നോര്‍ക്ക വഴി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തില്‍ ഇപ്പോള്‍ നടത്തുന്ന പരിശോധനകളുടെ രീതിയിലുള്ള പരിശോധനാ സംവിധാനം ഒരുക്കാന്‍ എല്ലാ കളക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ഇന്നലെ മുതല്‍ തന്നെ മുത്തങ്ങയില്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Exit mobile version