ഒരു വീട്ടിലെ മൂന്ന് കുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

കാഞ്ഞങ്ങാട്: കാസര്‍കോട് ഒരു വീട്ടിലെ മൂന്നുകുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. വീട്ടില്‍നിന്ന് നൂറുമീറ്റര്‍ അകലെയുള്ള വെള്ളക്കെട്ടിലാണ് മൂന്നുപേരും മുങ്ങിമരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാസര്‍-താഹിറ ദമ്പതിമാരുടെ മകന്‍ അജിനാസ് (ആറ്), നാസറിന്റെ സഹോദരന്‍ സാമിറിന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് മിഷ്ബാഹ് (ആറ്), ഇവരുടെ സഹോദരന്റെ മകള്‍ മെഹറൂഫ-നൂര്‍ദീന്‍ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ബാസിര്‍ (നാല്) എന്നിവരാണ് മരിച്ചത്.

വീട്ടില്‍നിന്ന് നൂറുമീറ്റര്‍ അകലെയുള്ള വെള്ളക്കെട്ടില്‍ മൂന്നുപേരും ഇടയ്ക്ക് കുളിക്കാന്‍ പോകാറുണ്ടായിരുന്നു. കഴിഞ്ഞദിവസം നാല് മണിയോടെയാണ് കുട്ടികള്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയത്. എല്ലാദിവസവും കളിക്കാന്‍ പുറത്തുപോകുന്നതിനാല്‍ വീട്ടുകാരും ശ്രദ്ധിച്ചില്ല.

എന്നാല്‍ നോമ്പുതുറ സമയമായപ്പോള്‍ കുട്ടികളെ കാണാത്തതിനാല്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരും വെള്ളക്കെട്ടില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുട്ടികളെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version