മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ല; തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടികളാണ് ഉത്തരവിലുള്ളത്: എക്‌സൈസ് മന്ത്രി

TP Ramakrishnan

തിരുവനന്തപുരം: ബെവ്‌കോ എംഡി മാനേജർമാർക്ക് അയച്ച കത്തിനു പിന്നാലെ മദ്യശാലകൾ തുറക്കുന്ന വിഷയത്തിൽ വിശദീകരണവുമായി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. ഉത്തരവിൽ ഉള്ളത് തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടികളാണെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം, മെയ് 4 മുതൽ സംസ്ഥാനത്തെ മദ്യശാലകൾ തുറക്കാൻ കേരളം കേന്ദ്രാനുമതി തേടി എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ശക്തമായ ക്രമീകരണങ്ങളോടെയും നിയന്ത്രണങ്ങളോടെയും സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് അല്ലാത്ത ജില്ലകളിൽ മെയ് 4 മുതൽ മദ്യശാലകൾ തുറക്കാൻ കേരളം അനുമതി തേടിയെന്നായിരുന്നു റിപ്പോർട്ടുകൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സർക്കാരിന് ബെവ്‌കോ ഔട്ട്‌ലറ്റുകൾ തുറക്കുന്നത് ആശ്വാസമാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.

എന്നാൽ, കേന്ദ്രാനുമതി ലഭിച്ചാൽ മാത്രമേ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറക്കാൻ സാധിക്കൂ. അതും ലോക്ക് ഡൗണിന് ശേഷം മാത്രം. ഇത്തരത്തിൽ മദ്യശാലകൾ തുറക്കാൻ അനുമതി ലഭിക്കുകയാണെങ്കിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ എല്ലാ സജ്ജീകരണങ്ങളും നടത്താൻ ബെവ്‌കോ എംഡി ഷാർജിൽ കുമാർ മാനേജർമാർക്കായി ഉത്തരവ് പുറത്തിറക്കിയിരുന്നു.

കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മദ്യശാലകൾ തുറക്കാൻ അനുമതി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ മദ്യശാലകളും ബാറുകളും ഉടനെ തന്നെ തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് എംഎൻഎസും ആവശ്യപ്പെട്ടിരുന്നു.

Exit mobile version