ഭിക്ഷക്കാരനായും സിദ്ധനായും ചാരനുമായും ജീവിച്ച കോടീശ്വരന്‍; ഒടുവില്‍ ‘മേട്ടുപ്പാളയം മഹാരാജാവി’ന് ലോക്ക് ഡൗണില്‍ ആരുമറിയാതെ അന്ത്യം

മേട്ടുപ്പാളയം: 40 വര്‍ഷമായി ഭിക്ഷക്കാരനായും സിദ്ധനായും ചാരനുമായും മേട്ടുപ്പാളയം ബസ് സ്റ്റാന്‍ഡിന് സമീപം രജിസ്ട്രാര്‍ ഓഫീസിന് മുമ്പില്‍ കഴിയുന്ന അജ്ഞാതന്‍ ജനങ്ങള്‍ക്കെല്ലാം കൗതുകമായിരുന്നു. മഹാരാജാവിനെപ്പോലെ വേഷം ധരിച്ച് സിദ്ധനെപ്പോലെ ജീവിച്ച് ഒടുവില്‍ ലോക്ക് ഡൗണില്‍ ആരുമറിയാതെ ആ അജ്ഞാതന്‍ ലോകത്തുനിന്നും വിടവാങ്ങി.

മേട്ടുപ്പാളയം നഗരത്തില്‍ക്കൂടി കടന്നുപോകുന്ന ഓരോരുത്തരും ഒരിക്കലെങ്കിലും കണ്ടിരിക്കുന്ന മുഖമായിരുന്നു മഹാരാജാവ് എന്നുവിളിക്കുന്ന ഇദ്ദേഹത്തിന്റേത്. വേഷം കൊണ്ടും പ്രവൃത്തികൊണ്ടുമെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു മഹാരാജാവ്. മഹാരാജാവിനെപ്പോലെ വ്യത്യസ്തമായ തൊപ്പിയും എല്ലാ കൈവിരലുകളിലും പിച്ചള മോതിരങ്ങളും ധരിച്ചിരുന്നു.

കൈയില്‍ നീളന്‍ മൂര്‍ച്ചയുള്ള ഒരു വടിയും ഇദ്ദേഹത്തിന് കൂട്ടായുണ്ടായിരുന്നു. പ്രാദേശിക ഭാഷകള്‍ സംസാരിക്കാത്ത എന്നാല്‍, മനസ്സിലാകുന്ന ഇദ്ദേഹം നഗരത്തിന്റെതന്നെ ഒരു അടയാളമായി മാറി. പുലര്‍ച്ചെ കച്ചവടം തുടങ്ങുന്നവരും നിരവധി അയല്‍ ജില്ലക്കാരും മഹാരാജാവിന് കാണിക്ക അര്‍പ്പിക്കാനായി എത്താറുണ്ട്.

പലരും കൊടുക്കുന്ന പണം തട്ടിയെടുക്കുന്നവരില്‍നിന്ന് ഇദ്ദേഹത്തിന് പലപ്പോഴായും പരിക്കേറ്റിട്ടുണ്ട്. ഇടക്കൊക്കെ ഭിക്ഷക്കാരനായി തോന്നുമെങ്കിലും അദ്ദേഹം മഹാരാഷ്ട്രയിലെ കോടീശ്വര കുടുംബത്തിലെ അംഗമാണെന്ന് അഡ്വ. ശിവസുരേഷ് പറയുന്നു.

ശിവസുരേഷിന് വര്‍ഷങ്ങളായി മഹാരാജാവിനെ അറിയാം. അദ്ദേഹത്തിന്റെ പേര് വിഷ്ണു എന്നാണെന്നും ഉന്നത വിദ്യാഭ്യാസവുമുള്ളയാളാണെന്നും ശിവസുരേഷ് പറയുന്നു. 10 വര്‍ഷം മുന്‍പ് ബന്ധുക്കളെത്തി അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചുവിളിച്ചെങ്കിലും പോകാന്‍ തയ്യാറായില്ലെന്നും ശിവസുരേഷ് കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച ഉച്ചയോടെയാണ്‌ മഹാരാജാവ് മരിച്ചതെന്നാണ്‌ പോലീസ് റിപ്പോര്‍ട്ട്. മൃതദേഹം ജീവശാന്തി പ്രവര്‍ത്തകരുടെ സഹായത്തോടെ ഗോവിന്ദപിള്ള ശ്മശാനത്തില്‍ എത്തിച്ച് ഹിന്ദു ആചാരപ്രകാരം സംസ്‌കരിച്ചു.

Exit mobile version