ഹജ്ജിന് പോകാന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം പട്ടിണി പാവങ്ങള്‍ക്കായി ചെലവഴിച്ചു; മഹാനന്മയുടെ പ്രതീകമായ റഹ്മാന് സൗദി അറേബ്യയില്‍ നിന്നും കാരുണ്യത്തിന്റെ സഹായ ഹസ്തം, സ്വപ്‌നം പോലെ ഹജ്ജ് ചെയ്യാനുള്ള വഴിയൊരുങ്ങുന്നു

മംഗലാപുരം: ഹജ്ജിന് പോകാന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ കാലത്ത് പട്ടിണി പാവങ്ങള്‍ക്കായി ചെലവഴിച്ച മഹാനന്മയുടെ പ്രതീകമായ അബ്ദുള്‍ റഹ്മാന് സൗദി അറേബ്യയില്‍ നിന്നും സഹായ ഹസ്തം. കൂലിപ്പണിക്കാരനായ അബ്ദുല്‍ റഹ്മാന് തന്റെ സ്വപ്നം പോലെ ഹജ്ജ് ചെയ്യാനുള്ള വഴിയാണ് ഒരുങ്ങുന്നത്.

ഇതുസംബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് കണ്ടാണ് റഹ്മാന് സഹായവുമായി സൗദിയില്‍ നിന്ന് സഹായത്തിന്റെ വിളിയെത്തിയത്. ഈ നല്ല വാര്‍ത്ത അബ്ദുല്‍ റഹ്മാനെ അറിയിച്ചതായും അദ്ദേഹം പറയുന്നു. മംഗലാപുരത്തിനടുത്തുള്ള ബന്തവാല്‍ താലൂക്കിലാണ് റഹ്മാന്‍ താമസിക്കുന്നത്. സൗദിയില്‍ നിന്നുള്ള പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സുഹൃത്താണ് റഹ്മാന് ഹജ്ജ് ചെയ്യാനുള്ള ചെലവുകള്‍ വഹിക്കാമെന്ന് അറിയിച്ചിരിക്കുന്നത്.

കൊവിഡ് ബാധ കാരണം ഇക്കുറി ഹജ്ജ് കര്‍മം നടന്നില്ലെങ്കില്‍ വരുംവര്‍ഷം തന്നെ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് അവര്‍ അറിയിച്ചു. ഈ കാലത്ത് ലോകത്തിനാകെ മാതൃകയാകുന്ന നന്മയാണ് റഹ്മാന്‍ കാണിച്ചത്. ആ നന്‍മയെ അംഗീകരിക്കാന്‍ സൗദിയിലെ സുഹൃത്ത് കാണിച്ചത് മറ്റൊരു വലിയ കാര്യവും.’ മുനവ്വര്‍ പറഞ്ഞു. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടി പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാന്‍ പോകണമെന്നായിരുന്നു അബ്ദുല്‍ റഹ്മാന്റെ ആഗ്രഹം. എന്നാല്‍ കൊവിഡ് കാലത്ത് സാധുക്കളെ സഹായിക്കാതെ തന്റെ കടം വീടുകയില്ലെന്ന ചിന്തയിലാണ് അബ്ദുല്‍ റഹ്മാന്‍ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചത്.

വിശന്നിരിക്കുന്നവന്‍ ഭക്ഷണം നല്‍കുന്നതാണ് ഏറ്റവും മഹത്തായ കാര്യമെന്ന് തിരിച്ചറിഞ്ഞ മനസിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ. സവാദ് റഹ്മാന്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ നന്മയുടെ കഥ ആദ്യം പങ്കുവെച്ചത്.

Exit mobile version