കൊറോണ, വിദേശത്ത് രണ്ട് മലയാളികള്‍ക്കുകൂടി ദാരുണാന്ത്യം, മരിച്ചത് തിരുവനന്തപുരം, പാലക്കാട് സ്വദേശികള്‍

തിരുവനന്തപുരം: കൊറോണ ബാധിച്ച് വിദേശരാജ്യങ്ങളില്‍ രണ്ട് മലയാളികള്‍ക്കുകൂടി ദാരുണാന്ത്യം. യു.എസിലും ദുബായിയിലുമുള്ള മലയാളികളാണ് മരിച്ചത്. തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ സ്വദേശി ബി. രാജബാലന്‍ നായര്‍ (71), പാലക്കാട് തൃത്താല പട്ടിത്തറ പായത്തിലെ തലക്കശ്ശേരി കണിച്ചിറക്കല്‍ വീട്ടില്‍ അബ്ദുള്‍ഹമീദ് (47) എന്നിവരാണ് മരിച്ചത്.

കൊറോണ വൈറസ് ബാധിച്ച് രാജബാലന്‍ നായര്‍ ന്യൂയോര്‍ക്കില്‍ വെച്ചും അബ്ദുള്‍ഹമീദ് ദുബായിയില്‍ വെച്ചുമാണ് മരിച്ചത്. ന്യൂയോര്‍ക്ക് ബെല്‍വ്യൂ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് രാജബാലന്‍ നായര്‍ മരിച്ചത്. 1992 മുതല്‍ ന്യൂയോര്‍ക്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നടത്തിവരുകയായിരുന്നു ഇദ്ദേഹം.

ഭാര്യ ഇന്ദു ബെല്‍വ്യൂ ആശുപത്രിയില്‍ നഴ്‌സാണ്. മക്കള്‍: ശബരിനാഥ്, ജയദേവ്. രാജബാലന്‍ നായരുടെ ശവസംസ്‌കാരം ന്യൂയോര്‍ക്കില്‍ മേയ് 19-ന് നടക്കും. കൊറോണ ബാധയെത്തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയില്‍ കഴിയുകയായിരുന്ന അബ്ദുള്‍ഹമീദ് കഴിഞ്ഞദിവസമാണ് മരിച്ചത്.

ദുബായില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന അദ്ദേഹം നാട്ടില്‍വന്ന് ആറുമാസം മുമ്പാണ് മടങ്ങിയത്.ഭാര്യ: ഷമീറ. മകന്‍: ഇഷാം. ശവസംസ്‌കാരം ദുബായില്‍ നടത്തി. വിദേശരാജ്യങ്ങളില്‍ കൊറോണ ബാധിച്ച് ഇതിനോടകം നിരവധി മലയാളികളാണ് മരിച്ചത്.

Exit mobile version