ഹജ്ജിന് പോകാനായി സ്വരുക്കൂട്ടിയതെല്ലാം നന്മയുടെ ചാക്കില്‍ നിറച്ച് പാവങ്ങള്‍ക്ക്: ജനമനസുകളില്‍ ഹാജിയായി അബ്ദുല്‍ റഹ്മാന്‍

മംഗലാപുരം: ഏതൊരു ഇസ്ലാം മതവിശ്വാസികളുടെയും ജീവിതാഭിലാഷമാണ് ഹജ്ജിന് പോകുക എന്നത്. എന്നാല്‍ മംഗലാപുരം സ്വദേശിയായ അബ്ദുല്‍ റഹ്മാന്‍ എന്ന സാധാരണക്കാരന്‍ ഹജ്ജിന് പോകാതെ തന്നെ ജനമനസുകളില്‍ ഹാജിയായിയിരിക്കുകയാണ്.

ഹജ്ജിന് പോകാനായി സ്വരുകൂട്ടിയ ഒരു ആയുസിന്റെ സമ്പാദ്യം മുഴുവന്‍ കോവിഡ് കാലത്ത് സാധുകള്‍ക്ക് ആഹാര സാധനങ്ങള്‍ വാങ്ങി നല്‍കി മഹാനന്മയുടെ മാതൃകയായിരിക്കുകയാണ് അബ്ദുല്‍ റഹ്മാന്‍.

മംഗലാപുരത്തിനടുത്തുള്ള ബന്തവാല്‍ താലൂക്കിലെ ഒരു കൂലി പണിക്കാരനാണ് അബ്ദുല്‍ റഹ്മാന്‍. സ്വരുക്കൂട്ടിവെച്ച തുകയ്ക്ക് അരിയും പലചരക്ക് സാധനങ്ങളും വാങ്ങി, ലോക്ക്ഡൗണില്‍ പണിയില്ലാതായ തന്റെ ഗ്രാമത്തിലെ പാവപ്പെട്ടവരുടെ വിശപ്പടക്കുകയാണ് ഈ വലിയ മനുഷ്യന്‍. അതിലും വലിയൊരു പുണ്യകര്‍മം ഇപ്പോള്‍ മറ്റൊന്നില്ലെന്ന് അബ്ദുല്‍റഹ്മാന്‍ കരുതുന്നു. ഗ്രാമത്തിലെ 25 കുടുംബത്തിലേക്കാണ് അബ്ദുല്‍റഹ്മാന്റെ സഹായമെത്തിയത്.

കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടി പരിശുദ്ധ ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോകണമെന്നായിരുന്നു അബ്ദുല്‍ റഹ്മാന്റെ ആഗ്രഹം. എന്നാല്‍ കോവിഡ് കാലത്ത് സാധുക്കളെ സഹായിക്കാതെ തന്റെ കടം വീടുകയില്ലെന്ന ചിന്തയിലാണ് അബ്ദുല്‍ റഹ്മാന്‍ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചത്.

മുണ്ടുമുറുക്കിയുടുത്തും അരവയറൊഴിഞ്ഞുമായിരിക്കും അബ്ദുല്‍ റഹ്മാന്‍ ഈ പണം സ്വരുകൂട്ടിയതെന്ന് ഈ മഹാനന്മയുടെ ചിത്രം കണ്ടവരൊക്കെയും അഭിപ്രായപ്പെടുന്നു. വിശന്നിരിക്കുന്നവന്‍ ഭക്ഷണം നല്‍കുന്നതാണ് ഏറ്റവും മഹത്തായ കാര്യമെന്ന് തിരിച്ചറിഞ്ഞ മനസിനെ അഭിനനന്ദിക്കുകയാണ് ഏവരും. സവാദ് റഹ്മാന്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ നന്മയുടെ കഥ പങ്കുവെച്ചത്. നിരവധി പേരാണ് അദ്ദേഹത്തിനും കുടുംബത്തിനും ആശംസകള്‍ നേരുന്നത്.

2011ല്‍ സലീം അഹമ്മദ് ഒരുക്കിയ ‘ആദാമിന്റെ മകന്‍ അബു’ എന്ന സിനിമയില്‍ സലിം കുമാറിന്റെ കഥാപാത്രം അത്തരത്തില്‍ ഹജ്ജിന് പോകുന്നതിന് സ്വപ്‌നത്തിന് വേണ്ടി പണം സ്വരൂപിക്കുന്ന സാധാരണക്കാരനായിരുന്നു.

Exit mobile version