ഹോട്ട്‌സ്‌പോട്ടുകളിൽ ഏത് രോഗത്തിന് ചികിത്സ തേടുന്നവർക്കും കൊവിഡ് പരിശോധന നടത്തും; പ്രതിരോധവും പരിശോധനയും ശക്തമാക്കി സംസ്ഥാനം

കൊച്ചി: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധന കർശനമാക്കി കേരളം. ഹോട്ട്‌സ്‌പോട്ട് മേഖലകളിൽ നിന്നുള്ളവർ ഏത് രോഗത്തിന് ചികിത്സ തേടിയാലും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനമായത്. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരിലും പരിശോധന നടത്തുന്നത് കൂടുതൽ ഫലപ്രദമാകും.

കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളെയാണ് സംസ്ഥാനത്ത് കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആക്കി മാറ്റിയിട്ടുള്ളത്. ഈ സ്ഥലങ്ങളിൽ സമ്പർക്കം മൂലവും രോഗം പടരാൻ സാധ്യത കൂടുതലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്‌സ്‌പോട്ട് മേഖലകളിൽ ചികിത്സക്കെത്തുന്നവർക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്.

കൂടുതൽ പേർക്ക് കൊവിഡ് പരിശോധിക്കുന്നതിലൂടെ സമൂഹവ്യാപനമുണ്ടോ എന്ന കാര്യം പരിശോധിക്കാൻ സാധിക്കുമെന്നും വിദഗ്ധ സമിതി അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് എത്തുന്നവരിലും കൊവിഡ് പരിശോധന നടത്തും. വിദേശത്തു നിന്ന് എത്തുന്ന എല്ലാവരിലും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കെത്തുന്നവരിലും പരിശോധന നടത്തും.

തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും അതിർത്തികൾ വഴി കേരളത്തിലേക്കെത്തിയ പലരിലും രോഗം സ്ഥിരീകരിച്ചതോടെയാണ് തീരുമാനം. കേരളത്തിൽ നാല് ജില്ലകളിൽ റെഡ് സോണും മറ്റ് ജില്ലകളിൽ ഓറഞ്ച് സോണും പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂരിലെ രോഗബാധിതരുടെ എണ്ം വർധിച്ചതോടെ ജില്ലയെ ട്രിപ്പിൾ ലോക്ക്ഡൗണിലാക്കിയിരിക്കുകയാണ്.

Exit mobile version