പച്ചക്കറികളും പഴ വര്‍ഗങ്ങളും കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക! നിപ്പാ വൈറസിനെതിരെ കനത്ത ജാഗ്രത നിര്‍ദേശവുമായി സര്‍ക്കാര്‍

ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പാ വൈറസ് ബാധ ആരംഭിക്കുക എന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പാ വൈറസിനെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പാ വൈറസ് ബാധ ആരംഭിക്കുക എന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം.

ഇക്കാലയളവില്‍ പൊതുജനങ്ങള്‍ പച്ചക്കറികളും ഫലങ്ങളും കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. നന്നായി കഴുകി വൃത്തിയാക്കി മാത്രമേ ഇവ ഭക്ഷിക്കാവൂ. തുറസായ സ്ഥലങ്ങളില്‍ വളരുന്ന ഫലങ്ങള്‍ കഴിക്കുമ്പോഴും ജാഗ്രത വേണം. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കണമെന്ന് ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.

ചുമ പോലെയുള്ള നിപ്പാ ലക്ഷണങ്ങളോടെ വരുന്നവരെ പരിശോധനിക്കാന്‍ പ്രത്യേക മേഖല തന്നെ സജ്ജമാക്കണമെന്നും ഇവിടെ ചുമതലയിലുള്ള ഡോക്ടര്‍മാരും ജീവനക്കാരും നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കണമെന്നും അറിയിപ്പിലുണ്ട്. ചുമയുള്ളവര്‍ വീടിന് പുറത്തിറങ്ങുമ്പോഴും മറ്റുള്ളവരുമായി ഇടപെടുപ്പോഴും മാസ്‌കോ ടൗവലോ ഉപയോഗിക്കണമെന്നും അറിയിപ്പില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തെ മെഡി.കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം മേല്‍നിര്‍ദേശപ്രകാരം സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

2018-മെയ് മാസത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച നിപ്പാ വൈറസ് ബാധയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം 17 മരിച്ചതായാണ് ഔദ്യോഗിക കണക്ക്. രോഗബാധിതരായ രണ്ട് പേരെ വിദഗ്ധചികിത്സയിലൂടെ രക്ഷപ്പെടുത്തി. നിപ്പാ ബാധ സംശയിച്ച രണ്ടായിരത്തോളം പേര്‍ ഇക്കാലയളവില്‍ നിരീക്ഷണത്തിലുണ്ടായിരുന്നു. കേരളത്തെ പ്രത്യേകിച്ച് ഉത്തരമലബാറിനെ ആകെ മുള്‍മുനയില്‍ നിര്‍ത്തിയ രോഗബാധ ആദ്യഘട്ടത്തില്‍ പതിനേഴ് പേര്‍ക്കും രണ്ടാം ഘട്ടത്തില്‍ രണ്ട് പേര്‍ക്കും വന്നെന്നാണ് കണക്ക്. പഴംതീനി വവാലുകളില്‍ നിന്നുമാണ് നിപ്പാ ബാധയുണ്ടായതെന്ന് പിന്നീട് വിദഗ്ദ്ധര്‍ സ്ഥിരീകരിച്ചിരുന്നു.

Exit mobile version