കോവിഡ് ഭീതി ഒഴിയുന്നു; ആലപ്പുഴയും കോവിഡ് മുക്ത ജില്ലയായി; ചികിത്സയിലിരുന്ന രണ്ടുപേരും ആശുപത്രി വിട്ടു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലും കോവിഡ് ഭീതി ഒഴിയുന്നു. ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ ആലപ്പുഴ ജില്ല കോവിഡ് മുക്തമായിരിക്കുകയാണ്.

അഞ്ചുപേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. കോവിഡ് സ്ഥിരീകരിച്ച അഞ്ചുപേരും രോഗമുക്തി നേടി. ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേരുടെ മൂന്നാമത്തെ ഫലവും നെഗറ്റീവ് ആയതോടെയാണ് ആലപ്പുഴയില്‍ കൊവിഡ് രോഗികള്‍ ഇല്ലാതായിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന കണക്കുകളാണ് ആലപ്പുഴയില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ 2972പേര്‍ മാത്രമാണ് നിരീക്ഷണത്തില്‍ ഉള്ളത്. 3 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഓറഞ്ച് ബി മേഖലയിലാണ് ആലപ്പുഴ ജില്ലയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3 ഹോട്ട്സ്പോട്ടുകളും ജില്ലയില്‍ ഉണ്ട്.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ക്കും വിദേശത്ത് നിന്നും എത്തിയ മൂന്നുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവര്‍ക്ക് നല്‍കിയ കൃത്യമായ പരിചരണം നല്‍കിയ ആരോഗ്യവകുപ്പിനും ജില്ലാഭരണകൂടത്തിനും അഭിമാനിക്കാം. നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ഇത് 10000 അടുത്ത് എത്തിയിരുന്നു.

Exit mobile version