ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല; ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തി കേരളം

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. സംസ്ഥാനം ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്.

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ലെങ്കിലും ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചപ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒന്‍പത് മണിവരെയായി പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വര്‍ക്ക്ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്രത്തോട് അനുമതി തേടുമെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നോട്ടീസ് നല്‍കിയത്. മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ കേരളം ലംഘിച്ചുവെന്നും കത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഇരുചക്ര വാഹങ്ങളില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കിയതും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതും കേന്ദ്ര നിര്‍ദേശത്തില്‍ വെള്ളംചേര്‍ത്തുകൊണ്ടാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല അയച്ച കത്തില്‍ പറഞ്ഞത്.

അതേസമയം കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കിയത്. എല്ലാ തീരുമാനങ്ങളും കേന്ദ്രത്തെ അറിയിച്ചാണ് കൈക്കൊണ്ടിട്ടുള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ഇന്നലെ രാത്രി തന്നെ വിശദമായി സംസാരിച്ചിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് അയച്ച കത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്നും ടോം ജോസ് പറഞ്ഞു.

Exit mobile version