ഭാര്യ നഴ്‌സ് അങ്ങ് തിരുവനന്തപുരത്ത്, ഭര്‍ത്താവ് പോലീസ് ഇങ്ങ് തൃശ്ശൂരില്‍; ഇരുദേശങ്ങളിലിരുന്ന് കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ ഈ ദമ്പതിമാര്‍

തൃശൂര്‍: ഇരുദേശങ്ങളിലാണെങ്കിലും കേരളത്തിന്റെ കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിക്കുകയാണ് ദമ്പതികളായ ഹരിയും ശരണ്യയും. ഒരു മാസത്തിലേറെയായി തങ്ങള്‍ പരസ്പരം കണ്ടിട്ടെന്ന് ഡ്യൂട്ടിക്കിടെയുള്ള ഇടവേളയില്‍ തൃശൂര്‍ എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ ഹരി പറയുന്നു.

കൊറോണ ആശുപത്രിയായി മാറ്റിയ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് ശരണ്യ. കൊറോണ മുറിവേല്പ്പിച്ച നാടിനെ സാന്ത്വനം കൊണ്ട് ശരണ്യ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ തൃശൂരില്‍ രോഗവ്യാപനം തടയുന്നതിന് രാവും പകലുമില്ലാതെ പോലീസ് സേനയില്‍ പ്രവര്‍ത്തിക്കുകയാണ് ഹരി.

പ്ലസ്ടു മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ഹരിയും ശരണ്യയും. അന്നുമുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും വിവാഹത്തിലൂടെ ഒന്നിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ശരണ്യ വല്ലപ്പോഴും മാത്രമേ നാട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ഓണത്തിന് നാട്ടില്‍ എത്താന്‍ പറ്റാതിരുന്ന ശരണ്യ ഇത്തവണ വിഷുവിന് നാട്ടിലെത്തുമെന്ന് ഹരിക്ക് വാക്ക് കൊടുത്തിരുന്നു.

എന്നാല്‍ കൊറോണ വ്യാപിച്ച കാരണം അതും മുടങ്ങി. എങ്കിലും ദമ്പതികള്‍ക്ക് വിഷമമില്ല, കൊറോണയ്‌ക്കെതിരെയുള്ള സംസ്ഥാനത്തിന്റെ പോരാട്ടത്തില്‍ അവസാനം വരെ മല്ലിടാന്‍ സജ്ജരായിരിക്കുകയാണ് ഈ ദമ്പതിമാര്‍.

Exit mobile version