ചോറുരുള വാങ്ങാന്‍ ഇനി അവന്‍ വരില്ല, ഗജവീരന്‍ സീതാരാമന്റെ വേര്‍പാടില്‍ വേദനയോടെ ഒരു കുടുംബം

തൃപ്പൂണിത്തുറ: ദിവസങ്ങളായി ഗജവീരന്‍ ദേവസ്വം സീതാരാമന് ചോറുരുളകള്‍ നല്‍കുന്ന വേണുഗോപാലിനും കുടുംബത്തിനും അവന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. നല്ല ഇണക്കത്തോടെ, തുമ്പിക്കൈയും ചെവികളും ആട്ടി അനുസരണയോടെ വീടിന്റെ ഗേറ്റ് കടന്ന് വന്ന സീതാരാമന്റെ ഓര്‍മ്മകള്‍ കുടുംബത്തെ വേദനയിലാഴ്ത്തുന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഗജവീരന്‍ ദേവസ്വം സീതാരാമന് ചോറ് കൊടുത്തുവരുന്നത് പൂര്‍ണത്രയീശ ഭക്തനായ നര്‍ത്തകന്‍ ‘ചിദംബരം’ വേണുഗോപാലും കുടുംബവുമായിരുന്നു. കൊറോണക്കാലമായതിനാല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനമോ, വഴിപാടുകളോ ഒന്നുമില്ലായിരുന്നു.

ഇതിനിടെയാണ് ആനയ്ക്ക് ചോറ് കൊടുത്തോട്ടെയെന്ന് ചോദിച്ച് വേണുഗോപാല്‍ എത്തിയത്. ഇത് പാപ്പാന്മാര്‍ക്ക് വലിയൊരാശ്വാസമായി. അവരുടെ സമ്മതത്തോടെയായിരുന്നു ദിവസങ്ങളായി ഗാന്ധിസ്‌ക്വയറിലെ വീട്ടില്‍ ആനയ്ക്ക് തന്റെ മക്കള്‍ ആഞ്ജനേയനും അശ്വിനും ചേര്‍ന്ന് ചോറ് നല്‍കിയിരുന്നതെന്ന് വേണുഗോപാല്‍ പറഞ്ഞു.

ദിവസവും വലിയ 20 ഉരുള ചോറാണ് സീതാരാമന് കൊടുക്കുന്നത്. ശീവേലി കഴിഞ്ഞ് രാവിലെ 10.30-ഓടെ ആന വീട്ടിലേക്കെത്തും. ഇത് വേണുഗോപാലിനും കുടുംബത്തിനും ഏറെ സന്തോഷം നല്‍കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ചോറുരുള കഴിക്കാന്‍ ആനയെത്താതെ വന്നതോടെ അന്വേഷിച്ചപ്പോഴാണ് ചരിഞ്ഞ വാര്‍ത്ത കേട്ടത്.

അത് തന്നെയും കുടുംബത്തെയും വല്ലാതെ വിഷമത്തിലാഴ്ത്തിയെന്ന് വേണുഗോപാല്‍ പറഞ്ഞു. ചോറുരുള കഴിക്കാന്‍ ഇനി ആ ഗജവീരന്‍ ഇല്ലല്ലോ എന്നത് ഈ കുടുംബാംഗങ്ങളെ വിഷമിപ്പിക്കുന്നു. അവനായി കരുതിവെച്ചിരുന്ന ചോറുരുളകള്‍ അവര്‍ അവസാനം പുഴയില്‍ മത്സ്യങ്ങള്‍ക്കായി ഒഴുക്കിക്കളഞ്ഞു.

Exit mobile version