കോഴിക്കോട് ഒരു വീട്ടിലെ അഞ്ച് പേര്‍ക്ക് കൊറോണ, ആര്‍ക്കും രോഗലക്ഷണങ്ങളില്ല, ആരോഗ്യപ്രവര്‍ത്തകരെ കുഴക്കുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എടച്ചേരിയിലെ ഒരു വീട്ടിലുള്ള അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ക്ക് പോലും നിലവില്‍ കൊറോണ രോഗ ലക്ഷണമില്ല. രോഗലക്ഷണമില്ലാത്തവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് നല്‍കും.

മുമ്പ് രോഗം സ്ഥിരീകരിച്ച എടച്ചേരി സ്വദേശിയുടെ വീട്ടിലുള്ള രണ്ട് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് ഒരു വീട്ടില്‍ 5 കൊറോണ ബാധിതരായി എണ്ണം ഉയര്‍ന്നത്. എന്നാല്‍ ഒരാള്‍ക്ക് പോലും രോഗലക്ഷണമില്ല എന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നു.

ഗള്‍ഫില്‍ നിന്ന് വന്ന് 29 ദിവസത്തിന് ശേഷമാണ് എടച്ചേരി സ്വദേശിയായ 39കാരന് രോഗം സ്ഥിരീകരിച്ചത്. ക്വാറന്റൈന്‍ സമയം കഴിഞ്ഞതിന് ശേഷം ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പിനെ കുഴക്കുന്നുണ്ട്. വീട്ടില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്ക് രോഗലക്ഷണങ്ങളില്ലാത്തതിലാണ് വിശദമായ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് നല്‍കാന്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചത്.

അപൂര്‍വ്വ സാഹചര്യം കണക്കിലെടുത്ത് വിശദമായ പഠനം നടത്തണമെന്ന ഡിഎംഒയുടെ ശുപാര്‍ശയോടെയാണ് റിപ്പോര്‍ട്ട് നല്‍കുക. അസാധാരണ സാഹചര്യമാണ് മുമ്പിലുള്ളതെന്നാണ് ഡിഎംഒയുടെ വിലയിരുത്തല്‍. വിശദമായ പഠനം ഈ നടത്തേണ്ടതുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version