‘ആറുമണിത്തള്ള് ഇല്ലേ. ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീ’; പത്രസമ്മേളനം നിര്‍ത്തിയെന്ന് അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ച് വിടി ബല്‍റാം

കൊച്ചി: പതിവ് വാര്‍ത്തസമ്മേളനം നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. അപ്പോ നാളെ മുതല്‍ ആറുമണിത്തള്ള് ഇല്ലേ. ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീ, എന്ന് ബല്‍റാം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ബല്‍റാം മുഖ്യമന്ത്രിയെ പരിഹസിച്ചത്.

കൊറോണ അവലോകനയോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നത്. എന്നാല്‍ കൊറോണ പ്രതിരോധ നടപടികള്‍ വിശദീകരിക്കാനായി നടത്തുന്ന പ്രതിദിന വാര്‍ത്ത സമ്മേളനം ഇന്ന് മുതല്‍ ഉണ്ടാവില്ലെന്ന് കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഇടവിട്ട ദിവസങ്ങളില്‍ മാത്രമേ ഇനി പത്രസമ്മേളനം കാണുകയുള്ളുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ”നാളെ മുതല്‍ വൈകുന്നേരങ്ങളില്‍ ഈ കൂടിക്കാഴ്ച ഉണ്ടാവില്ല. ഇനി മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ നമുക്ക് കാണാം..’ എന്നാണ് വ്യാഴാഴ്ചത്തെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

കൊറോണയില്‍ നിന്നും മുക്തരാവുന്നവരുടെ എണ്ണം കൂടിവരുന്നതിന്റെ സന്തോഷം പങ്കിട്ടാണ് മുഖ്യമന്ത്രി അവസാനത്തെ പത്രസമ്മേളനം കഴിഞ്ഞദിവസം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്താത്ത ദിവസങ്ങളില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസാണ് വാര്‍ത്താക്കുറിപ്പിലൂടെ കൊറോണ രോഗ വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുക.

Exit mobile version