ഒരേ സമയം രണ്ട് തോണിയില്‍ കാല് വെച്ച് ബിജെപി നേതാവ്, കോണ്‍ഗ്രസിലും ഭാരവാഹിത്വം, വിവാദം

കൊല്ലം: ബിജെപിയുടെ നിയോജകമണ്ഡലം ഭാരവാഹിക്ക് കോണ്‍ഗ്രസിലും ഭാരവാഹിത്വം. ചാത്തന്നൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുഗതന്‍ പറമ്പിലിന്റെ ‘ദ്വയാംഗത്വ’മാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ വിവാദമായിരിക്കന്നത്. കോണ്‍ഗ്രസിലും അവരുടെ തൊഴിലാളിസംഘടനയായ ഐഎന്‍ടിയുസിയിലുമാണ് ബിജെപി നേതാവിന് ഭാരവാഹിത്വം.

ഒരുമാസം മുമ്പാണ് സുഗതന്‍ പറമ്പിലിനെ ചാത്തന്നൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സുഗതന്‍ പറമ്പില്‍ അടുത്തിടെയാണ് ബിജെപി അനുഭാവിയായത്. നാലുവര്‍ഷംമുന്‍പ് കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ എത്തിയ ജില്ലാ പ്രസിഡന്റ് ബിബി ഗോപകുമാറിന്റെ താത്പര്യപ്രകാരമാണ് സുഗതനെ മണ്ഡലം വൈസ് പ്രസിഡന്റായി നാമനിര്‍ദേശം ചെയ്തത്.

എന്നാല്‍, ബിജെപി ഭാരവാഹിയായി പ്രഖ്യാപിക്കപ്പെട്ടശേഷവും സുഗതന്‍ കോണ്‍ഗ്രസിന്റെയും ഐഎന്‍ടിയുസിയുടെയും കമ്മിറ്റികളിലും പ്രവര്‍ത്തനത്തിലും സജീവമാണ്. സംഭവം അന്വേഷിക്കാന്‍ ബിജെപിയുടെ പ്രാദേശിക നേതാക്കളെത്തിയപ്പോള്‍ സുഗതന്റെ വീട്ടില്‍ ഐഎന്‍ടിയുസിയുടെ കമ്മിറ്റി നടക്കുകയായിരുന്നു.

ഇതോടെ സംഭവം വിവാദമായി മാറി. എന്നാല്‍ ഐഎന്‍ടിയുസിയിലുള്ള ഭാരവാഹിത്വം ഒഴിയാന്‍ തയ്യാറല്ലെന്ന് സുഗതന്‍ വ്യക്തമാക്കി. ഇതോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ നിയോജകമണ്ഡലം ഭാരവാഹിയാക്കിയതിനെതിരേ ബിജെപി സംസ്ഥാന നേതൃത്വത്തിന് പരാതിയും പോയി.

പ്രാഥമികാംഗമല്ലാത്ത സുഗതനെ ഭാരവാഹിയാക്കിയവര്‍ക്കെതിരേ നടപടി വേണമെന്ന് പരാതിക്കാര്‍ ശക്തമായി ആവശ്യം ഉന്നയിച്ചു. അതേസമയം, അടുത്തകാലത്ത് താന്‍ ബിജെപിയോട് അനുഭാവം പുലര്‍ത്തിയിരുന്നെങ്കിലും ആ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിട്ടില്ലെന്ന് സുഗതന്‍ പറഞ്ഞു. മണ്ഡലം ഭാരവാഹിയാക്കുന്ന കാര്യം സംസാരിച്ചിരുന്നുവെന്നും എന്നാല്‍, ഭാരവാഹിത്വം ഏറ്റെടുത്തില്ല, താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version