കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഡാനിഷും; ഗോളടിച്ച് നേടിയ സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുഞ്ഞ് ഫുട്‌ബോള്‍ താരം

കോഴിക്കോട്: കോവിഡിനെതിരായ പോരാട്ടത്തിലേക്ക് ഫുട്‌ബോള്‍ കളിച്ച് കിട്ടിയ തുക നല്‍കി കരുതലിന്റെ ഭാഗമായി കോഴിക്കോട്ടെ ഡാനിഷ്. കൊറോണക്കാലത്ത് തനിക്ക് ഫുട്ബോള്‍ കളിച്ച് കിട്ടിയ സമ്മാന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് കുഞ്ഞ് ഫുട്‌ബോള്‍ താരം.

പലരും സമ്മാനമായി നല്‍കിയ തുകയിലെ 31500 രൂപ ഡാനിഷ് ഇന്ന് കോഴിക്കോട് ജില്ലാ കളക്ടറെ ഏല്‍പ്പിച്ചു. കളക്ടറുടെ ചേമ്പറിലെത്തിയാണ് തുക കൈമാറിയത്. മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ വെച്ച് ഫെബ്രുവരിയില്‍ നടന്ന അണ്ടര്‍ 10 ഫുട്‌ബോള്‍ കളിക്കിടയിലാണ് കോര്‍ണര്‍ ഗോള്‍ അടിച്ച് ടീമിനെ വിജയിപ്പിച്ച് ഡാനിഷ് താരമായി മാറിയത്. പലരും നല്‍കിയ ഗിഫ്റ്റും മറ്റും സ്വരൂപിച്ചു കിട്ടിയ രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

നേരത്തെ, കോര്‍ണര്‍ കിക്കടിച്ച് സൈബര്‍ ലോകത്ത് വൈറലായിരുന്നു എട്ടുവയസ്സുകരാന്‍ ഡാനിഷ്. അഞ്ചാം വയസ്സിലാണ് ഡാനിഷ് ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. കോച്ചുമാരായ നിയാസ് റഹ്മാന്റെയും പ്രസാദ് വി ഹരിദാസിന്റെയും ശിക്ഷണത്തില്‍ മെഡിക്കല്‍ കോളജിലെ ഒളിമ്പ്യന്‍ റഹ്മാന്‍ ഗ്രൗണ്ടില്‍ കെഎഫ്ടിസി കോച്ചിംഗ് സെന്ററിലാണ് ഡാനിഷിന്റെ പരിശീലനം.

അണ്ടര്‍10 ടീമിലെ അംഗമാണെങ്കിലും അണ്ടര്‍12 ന്റെ കൂടെയും ഡാനിഷ് കളിക്കുന്നുണ്ട്. കേരളത്തിലെ 5 ജില്ലകളില്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടുണ്ട് ഈ കൊച്ചു മിടുക്കന്‍. പ്രശസ്ത ഫുട്ബാള്‍ താരം ഐഎം വിജയന്റെ കൂടെ റിലീസാവാനിരിക്കുന്ന ആന പറമ്പിലെ വേള്‍ഡ് കപ്പ് എന്ന സിനിമയില്‍ ഉമ്മര്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയത്തിലും കഴിവ് തെളിയിച്ചിരിക്കുകയാണ് ഡാനിഷ്.

കഴിഞ്ഞ പ്രളയകാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ ഹാഷിമിന്റെ മകനാണ് ഡാനിഷ്. ഉമ്മ നോവിയ സഹോദരി ഐഷ. ചേവായൂരിലാണ് താമസം.

Exit mobile version