ഇങ്ങനെ തരം താഴാന്‍ ലജ്ജയില്ലേ ധനമന്ത്രീ?, ആദ്യം കേന്ദ്രം തന്ന തുകകള്‍ വിനിയോഗിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്ക്, നുള്ളി പെറുക്കി ചോദിച്ചവര്‍ തന്നെ ധൂര്‍ത്തും പാഴ് ചെലവും നടത്തുന്നു; തോമസ് ഐസക്കിനെതിരെ ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: ധനമന്ത്രിക്ക് പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നന്മയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയേക്കുറിച്ചുള്ള ഉപദേശവും കേള്‍ക്കാനുള്ള സഹിഷ്ണുതയില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍.പ്രധാനമന്ത്രി നന്മ ഉപദേശിച്ചാല്‍ മാത്രം പേരാ, പണവും തരണം എന്ന ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് രംഗത്തെത്തിയതായിരുന്നു ശോഭ സുരേന്ദ്രന്‍.

ഫേസ്ബുക്കിലൂടെയാണ് ശോഭ സുരേന്ദ്രന്‍ ധനമന്ത്രി തോമസ് ഐസകിനെ വിമര്‍ശിച്ചത്. ഐസക്കിന്റെ പ്രതികരണം തീരെ തരംതാണതായിപ്പോയെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. തോമസ് ഐസക്കിന് പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നന്മയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയേക്കുറിച്ചുള്ള ഉപദേശവും കേള്‍ക്കാനുള്ള സഹിഷ്ണുതയില്ലെന്നും തന്നോളൂ, തന്നോളൂ എന്ന ആവലാതി മാത്രമാണുള്ളതെന്നും ബിജെപി നേതാവ് പറഞ്ഞു.

കേന്ദ്രം തന്ന പ്രളയദുരിതാശ്വാസത്തേക്കുറിച്ചു വരെ നുണ പറഞ്ഞ ധനവകുപ്പും മന്ത്രിയുമാണ് കേരളത്തിന്റേത്. നിങ്ങള്‍ ആദ്യം കേന്ദ്രം തന്ന തുകകള്‍ വിനിയോഗിച്ചതിന്റെ വിനിയോഗ സര്‍ട്ടിഫിക്കറ്റു സമര്‍പ്പിക്കുവെന്നും എന്നിട്ടുമതി ലോകം ഈ കൊവിഡ് കാലത്തു പ്രതീക്ഷയോടെ നോക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ സന്ദേശത്തെ വിമര്‍ശിക്കാന്‍ പുറപ്പെടുന്നതെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രധാനമന്ത്രി നന്മ ഉപദേശിച്ചാല്‍ മാത്രം പേരാ, പണവും തരണം എന്ന സംസ്ഥാന ധനമന്ത്രി ശ്രീ ടി എം തോമസ് ഐസക്കിന്റെ പ്രതികരണം തീരെ തരംതാണതായിപ്പോയി എന്നു പറയാതെ വയ്യ. കേന്ദ്ര സര്‍ക്കാര്‍ മുമ്പു പ്രഖ്യാപിച്ചതും ഇനി പ്രഖ്യാപിക്കാനിരിക്കുന്നതുമായ സാമ്പത്തിക പാക്കേജുകളുടെ ഫലം ലഭിക്കാത്ത സംസ്ഥാനമല്ല കേരളം.പക്ഷേ, ഐസക്കിന് പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നന്മയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയേക്കുറിച്ചുള്ള ഉപദേശവും കേള്‍ക്കാനുള്ള സഹിഷ്ണുതയില്ല; തന്നോളൂ, തന്നോളൂ എന്ന ആവലാതി മാത്രം.
ഇതേ ധനമന്ത്രിയുടെ അനുമതിയോടെയല്ലേ ഈ കൊവിഡ് കാലത്ത് സ്വകാര്യ ഹെലിക്കോപ്റ്റര്‍ വാടക ഇനത്തില്‍ ഒന്നരക്കോടി രൂപയുടെ ബില്ല് പാസാക്കിക്കൊടുത്തത്? ഇദ്ദേഹത്തിന്റെ മൂക്കിനു താഴെയല്ലേ രണ്ടു ദിവസം മുമ്പ് ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ സ്വീകരണമുറി മോടിപിടിപ്പിക്കാന്‍ മൂന്നു ലക്ഷത്തോളം രൂപ അനുവദിച്ചത്? ഓരോ പാവപ്പെട്ടവരോടും, നിങ്ങള്‍ മുണ്ടു മുറുക്കി ഉടുത്ത് സഹിച്ചു ജീവിക്കാനും നുള്ളിപ്പെറുക്കി സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് ഫണ്ടിലേക്കു തരാനും പയുന്നവര്‍തന്നെയാണല്ലോ ഈ ധൂര്‍ത്തും പാഴ് ചെലവും നടത്തുന്നത്.
കേന്ദ്രം തന്ന പ്രളയദുരിതാശ്വാസത്തേക്കുറിച്ചു വരെ നുണ പറഞ്ഞ ധനവകുപ്പും മന്ത്രിയുമാണ് കേരളത്തിന്റേത്. നിങ്ങള്‍ ആദ്യം കേന്ദ്രം തന്ന തുകകള്‍ വിനിയോഗിച്ചതിന്റെ വിനിയോഗ സര്‍ട്ടിഫിക്കറ്റു സമര്‍പ്പിക്കു. എന്നിട്ടുമതി ലോകം ഈ കൊവിഡ് കാലത്തു പ്രതീക്ഷയോടെ നോക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ സന്ദേശത്തെ വിമര്‍ശിക്കാന്‍ പുറപ്പെടുന്നത്. ഇങ്ങനെ തരം താഴാന്‍ ലജ്ജയില്ലേ ധനമന്ത്രീ, താങ്കള്‍ക്ക്?

Exit mobile version