ആരോഗ്യ പ്രവർത്തകർക്കായി ഡിവൈഎഫ്‌ഐയുടെ വ്യത്യസ്ത വിഷുക്കൈനീട്ടം; സമ്മാനിച്ചത് 500 പിപിഇ കിറ്റുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് വിത്യസ്തമായ വിഷുക്കൈനീട്ടം സമ്മാനിച്ച് ഡിവൈഎഫ്‌ഐ. 500 പിപിഇ കിറ്റുകൾ ആരോഗ്യപ്രവർത്തകർക്കായി വാങ്ങിക്കാനുള്ള പണം ഡിവൈഎഫ്‌ഐ ആരോഗ്യവകുപ്പിന് നൽകി. പിപിഇ കിറ്റുകളുടെ ദൗർലഭ്യം കണക്കിലെടുത്താണ് ആരോഗ്യവകുപ്പിന് വിഷുക്കൈനീട്ടമായി കിറ്റുകൾ നൽകുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. സംസ്ഥാനത്ത് പിപിഇ കിറ്റുകളുടെ ദൗർലഭ്യം ഉണ്ടായിരുന്നു. ഇത് മനസിലാക്കിയാണ് ഡിവൈഎഫ്‌ഐയുടെ ഇടപെടൽ. 426 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നാണ് പിപിഇ കിറ്റുകൾക്കുള്ള പണം കണ്ടെത്തിയത്.

കിറ്റുകൾ വാങ്ങാനായി സംഘടനയുടെ ബ്ലോക്ക് കമ്മിറ്റി പ്രവർത്തകരിൽ നിന്ന് മാത്രം പിരിച്ച തുകയായ അഞ്ചു ലക്ഷം രൂപയാണ് ആരോഗ്യമന്ത്രി കെകെ ശൈലജക്ക് കൈമാറിയത്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേനെയാണ് ആരോഗ്യപ്രവർത്തകർക്കുള്ള പിപിഇ സുരക്ഷാകിറ്റുകൾ വാങ്ങുന്നത്.

രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്കുള്ള വ്യക്തിഗതസുരക്ഷാ ഉപകരണങ്ങൾ വാങ്ങാൻ വലിയ തുകയാണ് വേണ്ടത്. ഇതിൽ പ്രധാനമാണ് പിപിഇ കിറ്റുകൾ. ഡിവൈഎഫ്‌ഐ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് മാസ്‌ക്കുകളും നൽകിയിരുന്നു. വിഷുദിനത്തിൽ സംസ്ഥാനത്ത് ഉടനീളം കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് അരിയും ഡിവൈഎഫ്‌ഐ സംഭാവന ചെയ്തിരുന്നു.

Exit mobile version