ലോക്ക് ഡൗൺ നിർദേശം ലംഘിച്ചു; ഗുരുവായൂർ ക്ഷേത്രത്തിൽ ജീവനക്കാർക്ക് കർശ്ശന നിയന്ത്രണം; വിഷുക്കണി കാണാൻ ഭക്തർക്ക് സമ്പൂർണ്ണ വിലക്ക് ഇതാദ്യം

ഗുരുവായൂർ: ഇത്തവണ ഭക്തർ കണികാണാനെത്താത്ത വിഷു സദ്യയില്ലാത്ത ആദ്യത്തെ വിഷുദിനമായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ. ക്ഷേത്രത്തിലെ ഡ്യൂട്ടിക്കാരായ വിരലിലെണ്ണാവുന്ന ശാന്തിക്കാർക്കും പാരമ്പര്യക്കാർക്കും മാത്രമായിരുന്നു പ്രവേശനം.

അതേസമയം, സർക്കാരിന്റെ ലോക്ക് ഡൗൺ നിർദേശം ലംഘിച്ചതിനെത്തുടർന്നു ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ എണ്ണത്തിൽ കളക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിൽ പൂജയ്‌ക്കെത്തുന്നവരുടേയും മറ്റു ജോലിക്കാരുടേയും പട്ടിക പോലീസിനു കൈമാറാൻ നിർദേശിച്ചിട്ടുണ്ട്.

ലിസ്റ്റ് പോലീസിന് കൈമാറിയതായി അഡ്മിനിസ്‌ട്രേറ്റർ എസ്‌വി ശിശിർ അറിയിക്കുകയും ചെയ്തു. ഓരോ വിഭാഗത്തിലും അകത്തു കടക്കുന്നവരുടെ എണ്ണവും ഇതുപ്രകാരം വെട്ടിക്കുറച്ചു. വിഷുക്കണിക്കും ഡ്യൂട്ടിയിലുള്ളവരല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കില്ലെന്ന് കളക്ടർ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിൽ ഭക്തർക്ക് പൂർണമായ വിലക്ക് നിലവിലുണ്ട്. ക്ഷേത്രത്തിന്റെ നാലു നടകളുടെ ഗേറ്റിനുള്ളിലേക്കു പോലും ഭക്തരെ പ്രവേശിപ്പിക്കില്ല. ഇന്നു മുതൽ ലിസ്റ്റിലുള്ള ജീവനക്കാരെ മാത്രമേ ഈ പ്രദേശത്തേക്കു കയറ്റി വിടൂ.

ഭക്തരാരും എത്തിയില്ലെങ്കിലും ക്ഷേത്രത്തിന്റെ പാരമ്പര്യാവകാശി മനയത്ത് കൃഷ്ണകുമാർ ഇന്നലെ വൈകിട്ട് എത്തിച്ച കണിക്കോപ്പുകൾ കൊണ്ട് ശാന്തിയേറ്റ കീഴേടം വാസുണ്ണി നമ്പൂതിരി, കൊടയ്ക്കാട് ശശി നമ്പൂതിരി എന്നിവർ രാത്രി ശ്രീലകത്ത് കണിക്കോപ്പ് ഒരുക്കി വച്ചിരുന്നു. പുലർച്ചെ നാളികേരമുടച്ച് തിരിയിട്ട് നെയ്ത്തിരി കത്തിച്ച് ഓട്ടുരുളിയിലെ കണിക്കോപ്പുകൾ ഉയർത്തിപ്പിടിച്ച് കണ്ണനെ കണി കാണിച്ചു. കെടാവിളക്കിലെ തിരി നീട്ടി കണ്ണന്റെ കയ്യിൽ വിഷുക്കൈനീട്ടവും നൽകി.

Exit mobile version