തെരുവിലുറങ്ങുന്ന അറുനൂറിലധികം പേര്‍ക്ക് തണലൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടം

കോഴിക്കോട്: കൊറോണക്കാലം കരുതലിന്റെ കാലം കൂടിയാണെന്ന് വീണ്ടും തെളിയിക്കുകയാണ്. തെരുവില്‍ അവഗണിക്കപ്പെട്ട അറുനൂറിലധികം പേര്‍ക്ക് തണലൊരുക്കിയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം കരുതലിന്റെ വേറിട്ട മുഖമാവുന്നത്.

തെരുവോരങ്ങളില്‍ അന്തിയുറങ്ങിയിരുന്ന നൂറുകണക്കിന് പേര്‍ ഇന്ന് ജില്ലാ ഭരണകൂടത്തിന്റെ സുരക്ഷിത കേന്ദ്രങ്ങളിലാണ്. മൂന്ന് നേരം ഭക്ഷണം, അന്തിയുറങ്ങാനുള്ള ഇടം, വൈദ്യസഹായം തുടങ്ങി കനിവിന്റെ സ്നേഹസ്പര്‍ശമുള്ള ക്യാമ്പുകളില്‍ ഇവര്‍ ഏറെ ആശ്വാസത്തോടെയാണ് കഴിയുന്നത്. ഇന്ന് മറ്റു ജില്ലകള്‍ക്ക് കൂടി മാതൃകയാണ് സ്നേഹ കരുതലിന്റെ ഈ ‘കോഴിക്കോടന്‍ മോഡല്‍’.

ജില്ലാ കലക്ടര്‍ സാംബശിവറാവു പ്രത്യേക താല്‍പ്പര്യത്തോടെ ആരംഭിച്ച ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന് കരുത്താകുന്നത് ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളാണ്. ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങിയിരുന്ന 671 പേരെയാണ് കൊവിഡ് സുരക്ഷയുടെ ഭാഗമായി മാര്‍ച്ച് 24 മുതല്‍ ജില്ലാ ഭരണകൂടം സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചത്.

വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക്, ഈസ്റ്റ്ഹില്‍ പ്രീമെട്രിക് ഹോസ്റ്റല്‍, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ബോയ്സ് ഹോസ്റ്റല്‍, പിങ്ക് ഹോസ്റ്റല്‍, ബി.ഇ.എം എച്ച്.എസ്.സ്‌കൂള്‍, ഗവ. മോഡല്‍ സ്‌കൂള്‍, മെഡിക്കല്‍ കോളേജ് ക്യംപസ് സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് ക്യാമ്പുകള്‍ നടക്കുന്നത്.

മെഡിക്കല്‍ ക്യാമ്പ്, ആള്‍ക്കഹോള്‍ അനോനിമസിന്റെ ക്ലാസ, വ്യക്തിഗത കൗണ്‍സിലിങ്, അവശ്യമരുന്നുകള്‍ തുടങ്ങിയവയും ക്യാമ്പിലുള്ളവര്‍ക്ക് ലഭിക്കുന്നുണ്ട്. വിനോദ പരിപാടികള്‍ ആസ്വദിക്കുന്നതിനായി ടെലിവിഷന്‍, കാരംസ്, ലുഡോ തുടങ്ങിയ കളികള്‍ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം നാട്ടിലേക്കും വീട്ടിലേക്കും തിരിച്ചു പോകാം. വീടും ബന്ധുക്കളും ഇല്ലാത്തവരെ പുനരധിവസിപ്പിക്കുന്നതിന് വ്യക്തമായ പദ്ധതികളും ഇതിന്റെ ഭാഗമായി തയ്യാറാകുന്നുണ്ട്.

ക്യാമ്പുകളുടെ ചുമതല നല്‍കിയിരിക്കുന്നത് സബ്കളക്ടര്‍ ജി പ്രിയങ്കയ്ക്കാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ സാമൂഹികനീതി ഓഫീസര്‍ ഷീബ മുംതാസിനെ നോഡല്‍ ഓഫീസറായും ചുമതലപ്പെടുത്തി. നഗരം സിഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സഹായവും ക്യാമ്പുകള്‍ക്ക് ലഭിക്കുന്നുണ്ട്. ദൈനംദിന നടത്തിപ്പ് വിവിധ സന്നദ്ധസംഘടനകളും ഏറ്റെടുത്തതോടെ ക്യാമ്പുകളുടെ നടത്തിപ്പ് ഏറെ സുഗമമായി.

Exit mobile version