കമ്മ്യൂണിറ്റി കിച്ചണിലെ പാചകക്കാരിയായി എത്തി തലശ്ശേരി ജില്ലാ ജഡ്ജി ടി ഇന്ദിര; നിറകൈയ്യടി

തലശ്ശേരി: കോടതി മുറിക്കുള്ളിലെ വിധി പറയാൻ മാത്രമല്ല, പുറത്തിറങ്ങി നേരിട്ട് ജനങ്ങളെ സേവിക്കുന്ന കാര്യത്തിലും മുന്നിലെന്ന് തെളിയിച്ചിരിക്കുകയാണ് തലശ്ശേരി ജില്ലാ കോടതിയിലെ ജില്ലാ ജഡ്ജി ടി ഇന്ദിര. തലശ്ശേരിയിലെ എരഞ്ഞോളി പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചണിൽ വെള്ളിയാഴ്ച പാചകം നടന്നത് ടി ഇന്ദിരയുടെ നേതൃത്വത്തിലായിരുന്നു. അവധി ദിനത്തിൽ വിശ്രമിക്കാതെ പട്ടിണിയിലായ ജനങ്ങൾക്ക് ഒരു നേരത്തെ ആഹാരം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമാകാൻ ഓടിയെത്തുകയായിരുന്നു ജില്ലാ ജഡ്ജി.

പച്ചടിയും മുരങ്ങയിലയും ചക്കകുരുവും ചേർത്ത നാടൻ കറിയും ഓലനും അച്ചാറും ഉൾപ്പടെയുള്ള വിഭവങ്ങളുടെ തട്ടും ചോറും എല്ലാം തയ്യാറായത് ടി ഇന്ദിരയുടെ മേൽനോട്ടത്തിലായിരുന്നു. ചേരുവകൾ ചേർക്കാനും ഓരോ വിഭവവും തയ്യാറാക്കുമ്പോൾ രുചിച്ചുനോക്കാനും എല്ലാം മുന്നിൽ തന്നെ നിന്നത് ജഡ്ജിയുടെ കുപ്പായത്തിൽ നിന്നും ഇറങ്ങി സാധാരണ ഒരു പൗരയായി മാറിയ ടി ഇന്ദിര തന്നെയായിരുന്നു.

എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എകെ രമ്യയും എല്ലാ സഹായങ്ങളുമായി കൂടെ ചേർന്നതോടെ 180 പേർക്കുള്ള ചോറും കറികളുമാണ് ജില്ലാ ജഡ്ജിയും കൂട്ടരും തയ്യാറാക്കിയത്.

ഇന്ന് മാത്രമല്ല, മുമ്പും കമ്മ്യൂണിറ്റി കിച്ചണിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ടി ഇന്ദിര ഇവിടേയ്ക്ക് എത്തിയിരുന്നു.

വിഷുവിന് മുന്നോടിയായി നാട്ടിൽ വിതരണം ചെയ്യാനുള്ള വിത്തുകളും പായ്ക്കറ്റുകൾ തയ്യാറാക്കുന്നതിനും ജഡ്ജി പങ്കാളിയായി.


ഒടുവിൽ ഇനിയും തിരക്കുകൾ മാറ്റിവെച്ച് സഹായിക്കാനെത്താമെന്ന വാക്ക് നൽകിയാണ് ടി ഇന്ദിര യാത്ര പറഞ്ഞ് ഇറങ്ങിയത്.

Exit mobile version