രണ്ട് കണ്ടെയിനറുകളിലായി തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 26 ടണ്‍ പഴകിയ മത്സ്യം പിടികൂടി

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 26 ടണ്‍ പഴകിയ മത്സ്യം പിടികൂടി. അമരവിള ചെക്ക് പോസ്റ്റില്‍ പോലീസും ആരോഗ്യ വകുപ്പും ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടില്‍ നിന്ന് രണ്ട് കണ്ടെയിനറുകളിലായി വന്ന പഴകിയ മത്സ്യം പിടികൂടിയത്.

43,000 കിലോയിലധികം പഴകിയ മീനുകളാണ് ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് ഇതിനോടകം പിടിച്ചെടുത്തത്. മാരകമായ കാന്‍സറിന് വരെ കാരണമാകുന്ന ബെന്‍സോയ്ക് ആസിഡാണ് മീനുകള്‍ പഴകാതിരിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. ഒരു മാസത്തോളം പഴക്കമുള്ള 4000 കിലോയിലേറെ വരുന്ന മീനാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ എറണാകുളം വൈപ്പിനില്‍ നിന്ന് അധികൃതര്‍ പിടികൂടിയത്.

കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷ, ഫിഷറീസ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കുന്നംകുളം മാര്‍ക്കറ്റില്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ 1440 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ നിന്ന് നൂറ് കിലോ അഴുകിയ ചെമ്മീനും പിടിച്ചെടുത്തു. ഇന്നലെ കോട്ടയത്ത് നിന്ന് 600 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്.

Exit mobile version