‘ അന്ന് ആദ്യമായി സ്വന്തം ശരീരത്തെ വെറുത്തുപോയി, തന്റെ കരുത്ത് ചോര്‍ന്നുപോയി’: സോഷ്യല്‍മീഡിയ ‘ ആഘോഷമാക്കിയ’ ബനാത്ത് പറയുന്നു

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

നാല്പതുകാരനാണ് ബനാത്ത് പുല്ലാറ. വടംവലിയെ ജീവിതമാക്കിയൊരു മഞ്ചേരിക്കാരനായ പച്ചമനുഷ്യന്‍. ഒരൊറ്റ ദിവസംകൊണ്ടാണ് ഈ മനുഷ്യന്‍ കരുത്ത് ചോര്‍ന്നുപോയത്. സോഷ്യല്‍ മീഡിയ ഭീകരനും അജ്ഞാത മനുഷ്യനുമാക്കിയതോടെ ബനാത്ത് ജീവിതത്തില്‍ ആദ്യമായി തന്റെ ശരീരത്തെ വെറുത്തുപോയി.

നാലു മക്കള്‍ക്കും ഭാര്യക്കും ഉമ്മക്കും മുന്നില്‍ ഒരു ഭീകരമനുഷ്യനായി മുദ്രകുത്തപ്പെട്ട് തളര്‍ന്ന് ഒരു കുഞ്ഞിനെന്നപോലെ കരയാനായിരുന്നു വിധി.

ആരുടെയോ ക്രൂരമായ തമാശ. അതില്‍ ജീവിതം നഷ്ടപ്പെട്ടിരിക്കുകയാണ് വടംവലിക്കാരുടെ സുല്‍ത്താനായ ബനാത്തിന്. ആരുടെയോ സങ്കല്‍പ്പ സൃഷ്ടിയായി കുന്ദംകുളം മുതല്‍ എടപ്പാള്‍ വരെ പ്രചരിച്ച രാത്രിയിലെ ഭീതിപ്പെടുത്തുന്ന അജ്ഞാതരൂപമായി ബനാത്ത് മാറുകയായിരുന്നു. ബോഡി ഷെയിമിംഗിന്റെ ഏറ്റവും ക്രൂരമായ ഇരയാണ് ഈ മനുഷ്യന്‍. ആ നീളവും കരുത്തും അയാളിലൊരു ഭീകരനെ ആരൊക്കെയൊ സങ്കല്‍പ്പിച്ചത് നിറത്തിലെ കറുപ്പായിരുന്നു. ഒരിക്കലും പൊറുക്കാനാവാത്ത ക്രൂരമായ തമാശ.

പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് ബനാത്ത് പറയുന്നു.പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് ഇന്നലെ മാത്രമാണ്. ചാനലുകളില്‍ തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നതുവരെ അവരും എന്നെ അവിശ്വസിച്ചുവെന്ന് ബനാത്ത് വേദനയോടെ പറഞ്ഞുനിര്‍ത്തി.

ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ”ആഹാ ‘ എന്ന വടംവലിക്കാരുടെ കഥ പറയുന്ന ഇന്ദ്രജിത്ത് നായകനായ സിനിമയില്‍ ബനാത്ത് മുഖ്യമായൊരു വേഷം ചെയ്തിട്ടുണ്ട്. നാട്ടില്‍ കല്യാണങ്ങള്‍ക്ക് ഡെക്കറേഷന്‍ വര്‍ക്കായിരുന്നു ആദ്യ ജോലി. തന്നിലെ നീളത്തിനും കരുത്തിനും വടംവലി നല്ലൊരു ടൂളാണെന്ന് മനസിലാക്കിയതോടെ ജീവിതം പിന്നെ കൂറ്റന്‍ കമ്പക്കയറിലേക്കായി.കഴിഞ്ഞ 8 വര്‍ഷമായി വടംവലിയാണ് ജീവിതം. 5 വര്‍ഷമായി എടപ്പാളിലെ ആഹാ കമ്പവലി ടീമിന്റെ പ്രധാന താരമാണിന്ന്.

പതിമൂന്ന് വയസുള്ള മൂത്ത മകള്‍ ഉപ്പാനെ കണ്ട് അന്നാദ്യമായി ഭയത്തോടെയും സങ്കടത്തോടെയും നോക്കിയത് ബനാത്തിന്റെ ഉള്ളിലൊരു നീറ്റലുണ്ടാക്കി. വീട്ടില്‍ കയറണ്ടെന്ന് ഉമ്മ സങ്കടത്തിന്റെ അങ്ങേയറ്റത്തിനാടുവില്‍ പറഞ്ഞപ്പോഴും തോന്നാത്തൊരു വേദന. പത്ത് വയസ്സുള്ള മകനും ആറും രണ്ടും വയസുള്ള പെണ്‍കുട്ടികളും ഇപ്പോള്‍ ഒന്നെ പറയുന്നുള്ളൂ.. ഇനി വടം വലിക്കു പോകരുതെന്ന്.. ഇതുപറയുമ്പോള്‍ ഉരുക്കുപോലുള്ള ബനാത്തിന്റെ ശരീരത്തിലെ കൊച്ചുകുഞ്ഞിന്റേതെന്നപോലുള്ള മനസ് ഇടറിയിരുന്നു. കാരണം ഒരിക്കല്‍പോലും ഇങ്ങനെയൊരു അപമാനത്തിലൂടെ ഈ യുവാവ് കടന്നു പോയിട്ടില്ല. ഇത്രമേല്‍ തളര്‍ന്നിട്ടില്ല,തമാശക്കുപോലും ആരുമിങ്ങനെ അപഹസിച്ചിട്ടില്ല.

ആരാണ് എനിക്ക് നീതി നല്‍കുക? സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചവരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനാകുമോ? ബനാത്തിന്റെ ഈ ചോദ്യം കിട്ടുന്നതെല്ലാം അപ്പടി ഷെയര്‍ ചെയ്യുന്ന മലയാളിയുടെ ഇടനെഞ്ചില്‍ മുഴങ്ങാതിരിക്കില്ല.

Exit mobile version