മകൾ അന്ന് മുഖത്ത് നോക്കിയത് ആദ്യമായി ഭയത്തോടെയും സങ്കടത്തോടെയും; സോഷ്യൽമീഡിയയിലൂടെ അപമാനിച്ചവരെ അറസ്റ്റ് ചെയ്യുമോ; ഉള്ളുനീറി ബനാത്ത് ചോദിക്കുന്നു

ഫഖ്‌റുദ്ധീൻ പന്താവൂർ

നാൽപതുകാരനാണ് ബനാത്ത് പുല്ലാറ. വടംവലിയെ ജീവിതമാക്കിയൊരു മഞ്ചേരിക്കാരനായ പച്ചമനുഷ്യൻ. ഒരൊറ്റ ദിവസംകൊണ്ടാണ് ഈ മനുഷ്യൻ കരുത്ത് ചോർന്നുപോയത്. സോഷ്യൽ മീഡിയ ഭീകരനും അജ്ഞാത മനുഷ്യനുമാക്കിയതോടെ ബനാത്ത് ജീവിതത്തിൽ ആദ്യമായി തന്റെ ശരീരത്തെ വെറുത്തുപോയി. നാലു മക്കൾക്കും ഭാര്യക്കും ഉമ്മക്കും മുന്നിൽ ഒരു ഭീകരമനുഷ്യനായി മുദ്രകുത്തപ്പെട്ട് തളർന്ന് ഒരു കുഞ്ഞിനെന്നപോലെ കരയാനായിരുന്നു വിധി.

ആരുടെയോ ക്രൂരമായ തമാശ.അതിൽ ജീവിതം നഷ്ടപ്പെട്ടിരിക്കുകയാണ് വടംവലിക്കാരുടെ സുൽത്താനായ ബനാത്തിന്.ആരുടെയോ സങ്കൽപ്പ സൃഷ്ടിയായി കുന്ദംകുളം മുതൽ എടപ്പാൾ വരെ പ്രചരിച്ച രാത്രിയിലെ ഭീതിപ്പെടുത്തുന്ന അജ്ഞാതരൂപമായി ബനാത്ത് മാറുകയായിരുന്നു.ബോഡി ഷെയിമിംഗിന്റെ ഏറ്റവും ക്രൂരമായ ഇരയാണ് ഈ മനുഷ്യൻ.ആ നീളവും കരുത്തും അയാളിലൊരു ഭീകരനെ ആരൊക്കെയൊ സങ്കൽപ്പിച്ചത് നിറത്തിലെ കറുപ്പായിരുന്നു. ഒരിക്കലും പൊറുക്കാനാവാത്ത ക്രൂരമായ തമാശ.

പോലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ബനാത്ത് പറയുന്നു.പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ഇന്നലെ മാത്രമാണ്. ചാനലുകളിൽ തന്നെക്കുറിച്ചുള്ള വാർത്തകൾ വരുന്നതുവരെ അവരും എന്നെ അവിശ്വസിച്ചുവെന്ന് ബനാത്ത് വേദനയോടെ പറഞ്ഞുനിർത്തി.

ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ”ആഹാ ‘ എന്ന വടംവലിക്കാരുടെ കഥ പറയുന്ന ഇന്ദ്രജിത്ത് നായകനായ സിനിമയിൽ ബനാത്ത് മുഖ്യമായൊരു വേഷം ചെയ്തിട്ടുണ്ട്. നാട്ടിൽ കല്യാണങ്ങൾക്ക് ഡെക്കറേഷൻ വർക്കായിരുന്നു ആദ്യ ജോലി. തന്നിലെ നീളത്തിനും കരുത്തിനും വടംവലി നല്ലൊരു ടൂളാണെന്ന് മനസിലാക്കിയതോടെ ജീവിതം പിന്നെ കൂറ്റൻ കമ്പക്കയറിലേക്കായി.കഴിഞ്ഞ 8 വർഷമായി വടംവലിയാണ് ജീവിതം. 5 വർഷമായി എടപ്പാളിലെ ആഹാ കമ്പവലി ടീമിന്റെ പ്രധാന താരമാണിന്ന്.

പതിമൂന്ന് വയസുള്ള മൂത്ത മകൾ ഉപ്പാനെ കണ്ട് അന്നാദ്യമായി ഭയത്തോടെയും സങ്കടത്തോടെയും നോക്കിയത് ബനാത്തിന്റെ ഉള്ളിലൊരു നീറ്റലുണ്ടാക്കി.വീട്ടിൽ കയറണ്ടെന്ന് ഉമ്മ സങ്കടത്തിന്റെ അങ്ങേയറ്റത്തിനാടുവിൽ പറഞ്ഞപ്പോഴും തോന്നാത്തൊരു വേദന. പത്ത് വയസ്സുള്ള മകനും ആറും രണ്ടും വയസുള്ള പെൺകുട്ടികളും ഇപ്പോൾ ഒന്നെ പറയുന്നുള്ളൂ.. ഇനി വടം വലിക്കു പോകരുതെന്ന്.. ഇതുപറയുമ്പോൾ ഉരുക്കുപോലുള്ള ബനാത്തിന്റെ ശരീരത്തിലെ കൊച്ചുകുഞ്ഞിന്റേതെന്നപോലുള്ള മനസ് ഇടറിയിരുന്നു. കാരണം ഒരിക്കൽപോലും ഇങ്ങനെയൊരു അപമാനത്തിലൂടെ ഈ യുവാവ് കടന്നു പോയിട്ടില്ല. ഇത്രമേൽ തളർന്നിട്ടില്ല,തമാശക്കുപോലും ആരുമിങ്ങനെ അപഹസിച്ചിട്ടില്ല.

ആരാണ് എനിക്ക് നീതി നൽകുക? സോഷ്യൽ മീഡിയയിൽ അപമാനിച്ചവരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനാകുമോ? ബനാത്തിന്റെ ഈ ചോദ്യം കിട്ടുന്നതെല്ലാം അപ്പടി ഷെയർ ചെയ്യുന്ന മലയാളിയുടെ ഇടനെഞ്ചിൽ മുഴങ്ങാതിരിക്കില്ല.

( 9946O25819)

Exit mobile version