കൈയ്യടിക്കാം സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്; ഇന്ത്യയിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്മാരെ സുരക്ഷിതമായി നാട്ടിലേക്ക് അയച്ചു; മടങ്ങിയവരിൽ മൂന്നുവയസുകാരൻ മുതൽ 85കാരൻ വരെ

നെടുമ്പാശ്ശേരി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് അഭിമാനമായി ഫ്രാൻസിൽ നിന്നും എത്തിയ സഞ്ചാരികളെ സുരക്ഷിതമായി തിരിച്ച് അയച്ചു. കൊറോണ വ്യാപന സാഹചര്യത്തിൽ വിമാനസർവീസുകൾ നിർത്തിവെച്ചിട്ടും പ്രത്യേക ഇടപെടലിനെ തുടർന്നാണ് ഫ്രഞ്ച് പൗരന്മാർ നാട്ടിലേക്ക് തിരിച്ചത്. ഇന്ത്യയിൽക്കുടുങ്ങിയ ഫ്രഞ്ച് പൗരന്മാരെ പ്രത്യേക വിമാനത്തിലാണ് അവരുടെ നാട്ടിലേക്കയച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദസഞ്ചാരവകുപ്പ് 24 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചിയിലെത്തിക്കുകയായിരുന്നു.

ഇത്തരത്തിൽ 112 പേരാണ് പാരീസിലേക്ക് യാത്രതിരിച്ചത്. ഇവരെ കൊണ്ടുപോകാൻ ശനിയാഴ്ച രാവിലെ എയർഇന്ത്യയുടെ പ്രത്യേക വിമാനം ബംഗളൂരുവിൽനിന്നാണ് കൊച്ചിലെത്തിയത്. പരിശോധനകൾ പൂർത്തിയാക്കി ഫ്രഞ്ച് സംഘവുമായി എയർഇന്ത്യ വിമാനം മുംബൈ വഴി പാരീസിലേക്ക് പറന്നു. സഹായമെത്തിച്ചതിന് പുതുച്ചേരിയിലെ ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ കാതറിൻ കേരള സർക്കാരിനും വിനോദസഞ്ചാരവകുപ്പിനും നന്ദി അറിയിച്ചു.

റിസ്റ്റ് വിസയിൽ മാർച്ച് 11ന് മുമ്പ് സംസ്ഥാനത്തെത്തിയവരിൽ മൂന്നു വയസ്സുകാരൻ മുതൽ 85 വയസ്സുള്ളവർ വരെയുണ്ട്. ഫ്രഞ്ച് എംബസിയാണ് എയർ ഇന്ത്യ വിമാനം ചാർട്ടർ ചെയ്തത്. കൊറോണബാധിച്ച് ഒട്ടേറെപ്പേർ മരിച്ച ഫ്രാൻസിനെക്കാൾ സുരക്ഷിതമാണ് കേരളമെന്നുകരുതി നാട്ടിലേക്ക് മടങ്ങാത്ത ഫ്രഞ്ച് പൗരന്മാർ ഇനിയും കേരളത്തിൽ തങ്ങുന്നുണ്ട്.

Exit mobile version