തമിഴ് ജനത സഹോദരങ്ങളെന്ന് പിണറായി; സുഖത്തിലും ദുഃഖത്തിലും തമിഴകം കേരളത്തിനൊപ്പമെന്ന് ഉറപ്പു നൽകി എടപ്പാടി; ഈ അഭിമാന ട്വീറ്റുകൾ കർണാടക കണ്ണുതുറന്നു കാണണം

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ കൊറോണ സമൂഹ വ്യാപന ഘട്ടത്തിലെന്ന ഭീതി ഉയർന്നോടെ കേരളം അതിർത്തികൾ മണ്ണിട്ട് അടയ്ക്കുന്നു എന്ന വ്യാജ വാർത്ത പരന്നിരുന്നു. എന്നാൽ, കേരളം അതിർത്തി അടയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തമിഴ് ജനത എന്നും കേരളത്തിന്റെ സഹോദരങ്ങളാണെന്നും കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് തമിഴ്‌നാടിനെ അറിയിച്ച് തെറ്റിദ്ധാരണ മാറ്റിയത്. ഇതിനു പിന്നാലെ വിഷയത്തിൽ കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാർ ട്വിറ്ററിലൂടെ പങ്കുവെച്ച പ്രതികരണങ്ങൾ ഇന്ത്യയ്ക്ക് തന്നെ അഭിമാനമായിരിക്കുകയാണ്. ആപത്ഘട്ടത്തിൽ കൈവെടിയില്ലെന്ന് രണ്ട് അയൽസംസ്ഥാനങ്ങൾ വാക്കുനൽകുമ്പോൾ അത് തെന്നിന്ത്യയുടെ സ്‌നേഹത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാവുകയാണ്. അതിർത്തി അടച്ച് കേരളത്തിലെ ജനങ്ങളെ മരണത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്ന യെദ്യൂരപ്പയും കർണാടകയും ഈ സ്‌നേഹ ബന്ധം കാണേണ്ടത് തന്നെയാണ്.

‘തമിഴ്‌നാട്ടിൽ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു, അതുകൊണ്ട് കേരളം മണ്ണിട്ട് അതിർത്തി അടച്ചിരിക്കുന്നു എന്നൊരു വ്യാജ വാർത്ത പ്രചരിക്കുന്നുണ്ട്. നമ്മൾ അങ്ങനെയൊരു ചിന്തയേ നടത്തിയിട്ടില്ല. നമ്മളോട് തൊട്ടുകിടക്കുന്ന അവരെ സഹോദരങ്ങളായാണ് കാണുന്നത്.’ മുഖ്യമന്ത്രി പിണറായി വിജയന്റെ ശനിയാഴ്ചയിലെ വാർത്താ സമ്മേളനത്തിലെ ഈ ഭാഗം ട്വിറ്ററിൽ ഷെയർ ചെയ്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി പഴനി സ്വാമി ഇങ്ങനെ കുറിച്ചു.

‘കേരളം തമിഴ് ജനതയെ സഹോദരങ്ങളായി പരിഗണിക്കുന്നതിൽ വളരെയേറെ സന്തോഷമുണ്ട്. സുഖത്തിലും ദുഖത്തിലും കേരളത്തിലെ സഹോദരീസഹോദരൻമാരോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. ഈ സൗഹൃദവും സാഹോദര്യവും എപ്പോഴും നിലനിൽക്കട്ടെ.’

എടപ്പാടി പഴനി സ്വാമിയുടെ ട്വീറ്റിനെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും തൊട്ടുപിന്നാലെ തമിഴിൽ തന്നെ ട്വീറ്റ് ചെയ്തുകൊണ്ട് രംഗത്തെത്തി.

‘കേരളവും തമിഴ്‌നാട്ടും തമ്മിലുള്ള പരസ്പര ബന്ധം സംസ്‌കാരം, സാഹോദര്യം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ആഴത്തിലുള്ള ബന്ധം മനസ്സിലാക്കാൻ കഴിയാത്തവരാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. ഈ വെല്ലുവിളികളെ നമുക്ക് സംയോജിപ്പിച്ച് മറികടക്കാൻ കഴിയും’-മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അതിർത്തികളിലെ റോഡുകൾ കർണാടക മണ്ണിട്ടടച്ചതോടെ കേരളാതിർത്തി ഗ്രാമങ്ങളിലെ രോഗികൾ തൊട്ടടുത്തുള്ള മംഗലാപുരത്തെ ആശുപത്രിയിൽ പോകാനാകാതെ മരണത്തിന് കീഴടങ്ങിയിരുന്നു. അതിർത്തി തുറക്കാൻ കേന്ദ്ര സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും കർണാടക കേട്ടമട്ടില്ല. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ എത്തിനിൽക്കവേയാണ് കേരളവും തമിഴ്‌നാടും സൗഹൃദം പങ്കുവെച്ച് പുതുമാതൃക സൃഷ്ടിക്കുന്നത്.

Exit mobile version