കുന്നംകുളത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിലും അജ്ഞാതന്റെ വിളയാട്ടം; രാത്രിയില്‍ കറുത്ത വസ്ത്രമണിഞ്ഞ് കോളിങ് ബെല്ലടിച്ച് ആളുകളെ പേടിപ്പിക്കുന്നു

കോഴിക്കോട്: കുന്നംകുളത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിലും രാത്രികാലങ്ങളില്‍ അജ്ഞാതന്റെ വിളയാട്ടം. രാത്രിയില്‍ കറുത്ത വസ്ത്രമണിഞ്ഞ് കോളിങ് ബെല്ലടിച്ച് ആളുകളെ പേടിപ്പിച്ച് വീടിന്റെ മതില്‍ചാടിക്കടന്ന് പോവുന്ന അജ്ഞാതന്‍ നാട്ടുകാര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. മാറാട്, നടുവട്ടം, മീഞ്ചന്ത, പന്നിയങ്കര, മോഡേണ്‍, കണ്ണഞ്ചേരി എന്നിവിടങ്ങളിലാണ് അജ്ഞാതന്റെ വിളയാട്ടം.

പലപ്പോഴും അജ്ഞാതന്‍ കറുത്തവസ്ത്രമാണ് അണിയാറുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം നാട്ടില്‍ ഇതുവരെ എവിടെയും മോഷണമൊന്നും നടന്നിട്ടില്ലാത്തതിനാല്‍ ആരോ മനഃപ്പൂര്‍വ്വം പേടിപ്പെടുത്താന്‍ ചെയ്യുന്നതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇത് ആരാണെന്ന് കണ്ടെത്താനാവാതെ കുഴഞ്ഞിരിക്കുകയാണ് നാട്ടുകാരും പോലീസും.

ഇയാളെ പിടികൂടാന്‍ എല്ലായിടത്തും ആളുകള്‍ കാവല്‍ നില്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ പിടിക്കാന്‍ സാധിച്ചിട്ടില്ല. വലിയ മതിലുകള്‍വരെ വളരെ അനായാസം ചാടിക്കടന്നാണ് ഇയാള്‍ രക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം നടുവട്ടത്തെ ഒരു വീടിന്റെ ടെറസ്സിനുമുകളില്‍ ഒരാളെക്കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ആളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇയാളുടെ പിറകേ കുറേ പേര്‍ പിന്തുടര്‍ന്നെങ്കിലും ഓടിയെത്താന്‍ കഴിഞ്ഞില്ലെന്നാണ് അവര്‍ പറയുന്നത്.

അതേസമയം അരീക്കാട് പിആന്‍ഡ്ടി ക്വാര്‍ട്ടേഴ്സിനുസമീപത്ത് ഇത്തരത്തില്‍ അജ്ഞാതനെത്തിയെങ്കിലും ആളുകള്‍ എത്തിയപ്പോഴേക്കും അയാള്‍ മതില്‍ചാടി രക്ഷപ്പെട്ടു കളഞ്ഞു. രണ്ടുമണിക്കൂര്‍ തിരഞ്ഞിട്ടും ആളെ കണ്ടെത്താനായില്ലെന്നാണ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി ഷമീല്‍തങ്ങള്‍ പറഞ്ഞത്. എന്നാല്‍ അഞ്ചോ ആറോ ആളുകള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇങ്ങനെ കറങ്ങിനടക്കുന്നതെന്നും ഇതിനു പിന്നില്‍ അന്യ സംസ്ഥാനക്കാരല്ലെന്നും മലയാളികളാണെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു.

കണ്ണഞ്ചേരിയില്‍ അജ്ഞാതനെ പിടികൂടാനായി കഴിഞ്ഞ ദിവസം രാത്രി 200 പേരാണ് കാവലിരുന്നതെന്ന് കൗണ്‍സിലര്‍ നമ്പിടി നാരായണന്‍ പറഞ്ഞു. ആളുകളാകെ ഭയപ്പാടിലാണെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ക്കും ഇതുവരെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുവെ രാത്രി ഏഴുമുതല്‍ ഒന്‍പതുവരെയാണ് അജ്ഞാതന്റെ കറക്കം. എന്നാല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ കണ്ണഞ്ചേരിയിലെ ഒരു വീടിനുമുന്നില്‍ കറുത്ത വേഷമിട്ടയാളെ കണ്ടെന്നും നാട്ടുകാരിലൊരാള്‍ പറഞ്ഞു. ആദ്യം ബേപ്പൂര്‍, മാറാട് ഭാഗങ്ങളിലായിരുന്നു പ്രശ്‌നം. ഇപ്പോള്‍ നഗരത്തിന്റെ മറ്റുഭാഗങ്ങളിലും സമാനമായ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം മയക്കുമരുന്ന് ഉപയോഗിക്കുന്ന ആരെങ്കിലുമാണോ ഇത്തരത്തില്‍ രാത്രിയില്‍ ആളുകളെ പേടിപ്പിക്കാന്‍ ഇറങ്ങുന്നുവെന്ന സംശയവും പോലീസിനുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം നല്ലളത്ത് കഞ്ചാവിന് അടിമകളായ മൂന്നുപേരെ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിരുന്നതായി സിഐ എംകെ സുരേഷ്‌കുമാര്‍ പറഞ്ഞു. ചില സിസിടിവി ദൃശ്യങ്ങള്‍ അജ്ഞാതന്റേതാണെന്ന് പറഞ്ഞ് പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പരത്തി ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് പോലീസ് പറഞ്ഞു.

Exit mobile version