കേരളത്തിന് ഉറ്റതുണയായി തമിഴകം എന്നുമുണ്ടാകും! അഭിനന്ദിച്ച് തമിഴ്‌നാട്; തമിഴില്‍ തന്നെ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

ചെന്നൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തിന് അഭിനന്ദനം അറിയിച്ചാണ് എടപ്പാടി പളനിസ്വാമി രംഗത്തെത്തിയത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകം കേരളവുമായുള്ള എല്ലാ അതിര്‍ത്തികളും അടച്ചിട്ട പശ്ചാത്തലത്തിലാണ് തമിഴ്‌നാടുമായുള്ള അതിര്‍ത്തികള്‍ കേരളം അടയ്ക്കുകയാണെന്ന് വ്യാജവാര്‍ത്ത പരന്നത്. അത്തരത്തിലൊരു ചിന്ത പോലും കേരളം നടത്തിയിട്ടില്ലെന്നും നമ്മുടെ തൊട്ടടുത്ത് കിടക്കുന്ന സഹോദരങ്ങളെ നമ്മുടെ സഹോദരങ്ങളായി തന്നെയാണ് കാണുന്നതെന്ന് ആയിരുന്നു കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇതിനെ അഭിനന്ദിച്ചാണ് എടപ്പാടിയുടെ ട്വീറ്റ്.

‘കേരള സംസ്ഥാനം തമിഴരെ അന്‍പോടെ സഹോദരീ സഹോദരന്മാരായി കാണുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എല്ലാ സുഖദുഃഖങ്ങളിലും കേരളത്തിലെ സഹോദരീസഹോദരന്മാര്‍ക്ക് ഉറ്റതുണയായി തമിഴകം എന്നെന്നുമുണ്ടാകുമെന്ന് സ്‌നേഹത്തോടെ അറിയിച്ചു കൊള്ളുന്നു. ഈ സൗഹൃദവും സാഹോദര്യവും എന്നെന്നും വളരുമാറാകട്ടെ,’ അഭിനന്ദിച്ചുള്ള ട്വീറ്റില്‍ എടപ്പാടി പറഞ്ഞു.


അതേസമയം, തമിഴ്‌നാടിന്റെ അഭിനന്ദനത്തിന് തമിഴ് ട്വീറ്റില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി.
‘സംസ്‌കാരം, സാഹോദര്യം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ടതാണ് കേരളവും തമിഴ്നാട്ടും തമ്മിലുള്ള ബന്ധം. ഈ ആഴത്തിലുള്ള ബന്ധം മനസ്സിലാക്കാന്‍ കഴിയാത്തവരാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ വെല്ലുവിളികളെ നമുക്ക് കൂട്ടായി മറികടക്കാന്‍ കഴിയും.’ മറുപടി ട്വീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു.


അതേസമയം, തമിഴ്‌നാട്ടില്‍ കോവിഡ് മരണം മൂന്നായി. മൊത്തം രോഗബാധിതര്‍ 485 ആയി.

Exit mobile version