കൊവിഡ് 19; റാപ്പിഡ് ടെസ്റ്റിനുള്ള ആദ്യ ബാച്ച് തിരുവനന്തപുരത്ത് എത്തി; ഇനി പരിശോധന ഫലം രണ്ട് മണിക്കൂറില്‍

തിരുവനന്തപുരം: കൊവിഡ് രോഗബാധ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്ത് എത്തി. കിറ്റുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍ കെ ഗോപാലകൃഷ്ണന് കൈമാറി. ആദ്യ ഘട്ടത്തില്‍ 1000 കിറ്റുകളാണ് എത്തിച്ചിരിക്കുന്നത്.

റാപ്പിഡ് കിറ്റ് ഉപയോഗിക്കുന്നതോടെ വേഗത്തില്‍ രോഗ ബാധ തിരിച്ചറിയാന്‍ സാധിക്കും. റാപ്പിഡ് കിറ്റ് ഉപയോഗിക്കുന്നതു വഴി കൊവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭ്യമാകും. നിലവില്‍ ആറ് മുതല്‍ ഏഴു മണിക്കൂറാണ് പരിശോധനാ ഫലം ലഭിക്കുന്നതിനായി എടുക്കുന്നത്.

ഫലം വേഗത്തില്‍ ലഭ്യമാകുന്നതോടെ സാമൂഹ്യ വ്യാപനം തടയുന്നതിനും നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്തുന്നതിനും സഹായകമാകും. ശശി തരൂര്‍ എംപിയുടെ ഫണ്ടില്‍ നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ച് 3000 കിറ്റുകളാണ് വാങ്ങിയത്. ബാക്കി 2000 കിറ്റുകള്‍ ഞായറാഴ്ച എത്തും. ഐസിഎംആര്‍ അംഗീകാരം ലഭിച്ച പൂനെയിലെ ‘മൈ ലാബ്’ എന്ന കമ്പനിയാണ് കിറ്റുകള്‍ തയ്യാറാക്കിയത്.

Exit mobile version