വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ സംവിധാനം ഒരുക്കണം; മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഷോ ആണെന്നും പിടി തോമസ്

കൊച്ചി: കൊവിഡ് 19ല്‍ നിന്ന് മുക്തമാകുവാന്‍ കേരളം ഒറ്റക്കെട്ടായി പ്രയത്‌നിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തൃക്കാക്കര എംഎല്‍എ പിടി തോമസ്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഷോ ആണെന്ന് എംഎല്‍എ ആരോപിക്കുന്നു. കൂടാതെ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ സംവിധാനം ഒരുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

എംഎല്‍എയുടെ വാക്കുകള്‍;

ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ കേരളത്തില്‍ പാലിക്കപ്പെടുന്നില്ല, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ വിദഗ്ധരെയും ഉള്‍പ്പെടുത്തണം. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടക്കുന്നത് വരെ രോഗം സ്ഥിരീകരിച്ച വാര്‍ത്ത പിടിച്ചുവയ്ക്കുന്നത് ശരിയല്ല. വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ സംവിധാനം ഒരുക്കണം.

മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം ‘ഷോ’ ആണ്. കാസര്‍കോടും ഇടുക്കിയിലുമുള്ള രോഗികളെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന അവരെ അപമാനിക്കുന്നതാണ്. രോഗബാധയുള്ളവരെ വിട്ടയച്ചത് ഏകീകൃത രൂപത്തിലല്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായത് ഗുരുതര വീഴ്ചയാണ്.

നെടുമ്പാശേരിയിലും കരിപ്പൂരിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഉണ്ടായത് ഗുരുതര വീഴ്ചകളാണ്, തമിഴ്‌നാട്ടുകാരന്‍ രക്ഷപ്പെട്ടതും ഗുരുതരമായ വീഴ്ചയാണ്. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞു പോയ ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ പോകാതെ മറ്റുള്ളവരെ ചികില്‍സിച്ചുവെന്നും ചിലര്‍ സര്‍ജറി വരെ നടത്തി.

Exit mobile version