ലോക്ക് ഡൗൺ: ഏഴുമണിക്ക് മുമ്പും അഞ്ചു മണിക്ക് ശേഷവും കടകളിലെ ജോലികൾ ചെയ്യാം; പോലീസ് തടയരുതെന്ന് ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് കടകളും വ്യാപാരസ്ഥാപനങ്ങളും ഏഴ് മണിക്ക് തുറന്ന് കൃത്യം അഞ്ചുമണിക്ക് അടയ്ക്കണമെന്ന് പോലീസുകാർ വാശി പിടിക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കടകളിലേയും മറ്റും ഏഴുമണിക്കു മുൻപും അഞ്ചുമണിക്കു ശേഷവുമുള്ള അനുബന്ധ ജോലികൾ തടയരുതെന്നാണ് പോലീസിന് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്.

കാസർകോട് ഒഴികെയുള്ള സ്ഥലങ്ങളിൽ അടച്ചുപൂട്ടലിന്റെ പരിധിയിൽ വരാത്ത കടകൾക്ക് രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാനാണ് അനുമതി. അതിനു മുന്നോടിയായി കട വൃത്തിയാക്കുന്നതിനും മറ്റുമായി ജീവനക്കാർ ഏഴുമണിക്കുമുൻപു തന്നെ എത്താറുണ്ട്. അതുപോലെതന്നെ, വൈകിട്ട് അഞ്ചു മണിക്ക് കടകൾ അടച്ച ശേഷം പണം എണ്ണിത്തിട്ടപ്പെടുത്തൽ, സൂക്ഷിക്കൽ എന്നിവ ഉൾപ്പെടെയുള്ള അനുബന്ധജോലികളും ചെയ്തു വരുന്നുണ്ട്. ഇത്തരം ജോലികൾ തടസ്സപ്പെടുത്താൻ പാടില്ലെന്നാണ് സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇത്തരം ജോലികൾ പലയിടത്തും പോലീസ് തടയുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ഈ നിർദേശമെന്നും പോലീസ് മീഡിയ സെൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Exit mobile version