ഒരു കൊറോണ വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ?പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ ഈ കേരളം വെറും വട്ടപൂജ്യമായേനെ, ഓര്‍ത്തോ; സന്തോഷ് പണ്ഡിറ്റ്

തൃശ്ശൂര്‍: കൊറോണക്കാലത്ത് പ്രവാസികളെ വില കുറച്ചുകാണുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. പ്രളയം വരുമ്പോഴും പലര്‍ക്കും രോഗം വരുമ്പോഴും കൈ നിറയെ സഹായിക്കുന്ന പ്രവാസിയെ കോവിഡിന്റെ പേരില്‍ കളിയാക്കുകയോ പുച്ഛിക്കുകയോ ചെയ്യരുതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ്‌ സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പറഞ്ഞത്. പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. കൊറോണ വന്നത് മുതല്‍ പലര്‍ക്കും പ്രവാസികള്‍ എന്നു കേള്‍ക്കുന്നത് തന്നെ പുച്ഛമാണെന്നും നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നുവെന്നും അദ്ദേഹം പറയുന്നു.

യഥാര്‍ത്ഥത്തില്‍ വിദേശത്ത് മണലാരണ്യത്തില്‍ പോയ് ചുട്ടു പൊള്ളുന്ന വെയിലില്‍ കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്റെ മുഴുവന്‍ പുരോഗതിയും ഉണ്ടായതെന്നും പ്രവാസികള്‍ ജീവന്‍ ഹോമിച്ച് നല്‍കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വളര്‍ച്ചയും, വിജയവും നമ്പര്‍ വണ്‍ സ്ഥാനവുമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

കൊറോണാ വന്നത് മുതല്‍ പലര്‍ക്കും പ്രവാസികള്‍ എന്നു കേള്‍ക്കുന്നത് തന്നെ പുച്ഛമാണ്. നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നു.

യഥാര്‍ത്ഥത്തില്‍ വിദേശത്ത് മണലാരണ്യത്തില്‍ പോയ് ചുട്ടു പൊള്ളുന്ന വെയിലില്‍ കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്റെ മുഴുവന്‍ പുരോഗതിയും ഉണ്ടായത്. പ്രവാസികള്‍ ജീവന്‍ ഹോമിച്ച് നല്‍കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വളര്‍ച്ചയും, വിജയവും നമ്പര്‍ വണ്‍ സ്ഥാനവും.

കേരളത്തില്‍ പ്രളയം വരുമ്പോഴും ചിലര്‍ക്ക് വലിയ രോഗം വരുമ്പോഴും ഈ പ്രവാസികള്‍ എത്രയോ തുക എത്രയോ പേര്‍ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികള്‍ ചെയ്ത അത്രയും ചാരിറ്റി കേരളത്തില്‍ ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? കഷ്ടം..

ഭൂരിഭാഗം മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളും കോടികള്‍ കത്തിച്ച് നിര്‍മിച്ചതും പ്രവാസികളാണ്. വലിയ വലിയ ഷോപ്പിങ് മാളുകളും, ആഡംബരങ്ങളോട് കൂടിയ മണി മന്ദിരങ്ങളും ഉണ്ടാക്കിയത് പ്രവാസികളുടെ വിയര്‍പ്പില്‍ നിന്നാണ്. അവരുടെ വിയര്‍പ്പിനെ മറക്കാനോ, വെറുക്കാനോ ആര് ശ്രമിച്ചാലും അതിന് കഴിയില്ല.

ഓരോ ദിനവും നമ്മടെ നാട്ടില്‍ എത്തുന്നത് പ്രവാസികളുടെ കോടിക്കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട…

.ഒരു കൊറോണാ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ? നിലവില്‍ വിദേശത്ത് നിന്നും വന്നവരെ ‘കൊറോണാ..കൊറോണാ..’ എന്നും വിളിച്ച് കളിയാക്കുന്നു ചിലര്‍.. കഷ്ടം..

(വാല്‍കഷ്ണം… പ്രവാസികളാണ് നാടിന്റെ ഉയര്‍ച്ചക്ക് കാരണം…പ്രവാസികള്‍ പടുത്തുയര്‍ത്തിയതാണ് ഈ നമ്പര്‍ വണ്‍ കേരളം…പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ ഈ കേരളം വെറും വട്ടപൂജ്യമായേനെ..ഓര്‍ത്തോ.)

Exit mobile version