വലിപ്പച്ചെറുപ്പമില്ലാതെ ഒന്നിച്ച് നിന്ന് പൊരുതേണ്ട സമയമാണിത്; കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആശുപത്രി ജീവനക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഐസൊലേഷന്‍ വാര്‍ഡുകളിലെ നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് തുടങ്ങിയ വിഭാഗം ജീവനക്കാരുമായി ആരോഗ്യ മന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു.

കേരളത്തില്‍ ഏറ്റവുമധികം കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലുള്ള ആശുപത്രികളിലെ ജീവനക്കാരുമായാണ് മന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയത്. കൊവിഡ് രോഗത്തെ പ്രതിരോധിക്കാന്‍ രാപകലില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മന്ത്രി ആത്മവിശ്വാസം നല്‍കി.

എല്ലാവിഭാഗം ജീവനക്കാരുടേയും പ്രശ്നങ്ങള്‍ നേരിട്ടറിയാനും അവര്‍ക്ക് പ്രചോദനമാകാനും വേണ്ടിയാണ് മന്ത്രി ചര്‍ച്ച നടത്തിയത്. സ്വകാര്യ ബുദ്ധിമുട്ടുകള്‍ക്കിടയിലും തങ്ങളുടെ സേവനം കൃത്യമായി നിര്‍വഹിക്കുന്ന ജീവനക്കാരെ അഭിനന്ദിച്ച മന്ത്രി വലിപ്പച്ചെറുപ്പമില്ലാതെ ഒന്നിച്ച് നിന്ന് പൊരുതേണ്ട സമയമാണിതെന്നും ജീവനക്കാരോട് പറഞ്ഞു. കൊവിഡിനെ തടയാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാര്‍ക്ക് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പിന്തുണയറിയിക്കുകയും ചെയ്തു.

Exit mobile version