കണ്ണൂരില്‍ കൊവിഡ് സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു; രോഗം സ്ഥിരീകരിച്ചിട്ടില്ല

കണ്ണൂര്‍: കൊവിഡ് 19 സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് സംഭവം. കണ്ണാടിപ്പറമ്പില്‍ ചേലേരിയിലെ അബ്ദുല്‍ ഖാദര്‍ ആണ് മരിച്ചത്. അതേസമയം ഇദ്ദേഹത്തിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഈ മാസം 21നാണ് അബ്ദുല്‍ ഖാദര്‍ ദുബൈയില്‍ നിന്നും നാട്ടില്‍ എത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ദുബൈയില്‍ നിന്ന് എത്തിയപ്പോള്‍ തന്നെ അബ്ദുല്‍ ഖാദര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

തനിച്ച് മറ്റൊരു വീട്ടിലായിരുന്നു അബ്ദുള്‍ ഖാദറിന്റെ താമസം. ബന്ധുക്കളെ ആരെയും അദ്ദേഹം വീട്ടിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. ഭക്ഷണം വീടിന് പുറത്തുവെയ്ക്കാനാണ് കുടുംബത്തോട് ആവശ്യപ്പെട്ടത്. ഇന്നലെ വെച്ച ഭക്ഷണം എടുക്കാതിരുന്നതോടെ ബന്ധുക്കള്‍ വീടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് അബ്ദുള്‍ ഖാദറിനെ മരിച്ചനിലയില്‍ കണ്ടത്.

അതേസമയം, അബ്ദുല്‍ ഖാദറിനോ അദ്ദേഹവുമായി ഇടപഴകിയവര്‍ക്കോ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സുരക്ഷാനടപടികളുടെ ഭാഗമായി കൊവിഡ് പരിശോധനാഫലം ലഭിച്ച ശേഷം മാത്രമേ കുടുംബാംഗങ്ങള്‍ക്ക് മൃതദേഹം വിട്ടു നല്‍കൂ.

Exit mobile version