കണ്ണൂരില്‍ ആളുകളെ യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം; ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിവരെ പരസ്യമായി ഏത്തമിടീച്ച കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ദൃശ്യം ഇന്ന് കാണാന്‍ ഇടയായി എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചത്. സംഭവത്തെ കുറിച്ച് ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ചിലരെ ഏത്തമിടുവിക്കുന്ന ദൃശ്യം കാണാനിടയായി. ഇത് സംബന്ധിച്ച് ഹോം സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ല. പൊതുവെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പോലീസിന്റെ യശസ്സിനെയാണ് ഇത്തരം സംഭവങ്ങള്‍ പ്രതികൂലമായി ബാധിക്കുക. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെ ഡ്യൂട്ടി നിര്‍വഹിക്കുന്നവരാണ് പോലീസുകാര്‍. ഇതിന് നല്ല സ്വീകാര്യതയും ഉണ്ട്. അതിന് മങ്ങലേല്‍പ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കണ്ണൂര്‍ അഴീക്കലിലാണ് നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിവരെക്കൊണ്ട് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം സംഭവം വാര്‍ത്തയായതോടെ ഡിജിപി എസ്പിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യതീഷ് ചന്ദ്രയുടെ വിശദീകരണം ലഭിച്ചതിനു ശേഷമാകും തീരുമാനിക്കുക.

Exit mobile version