ആവശ്യവേളയില്‍ സജ്ജമായി ആനവണ്ടി; മെഡിക്കല്‍ കോളേജുകള്‍ക്ക് കെഎസ്ആര്‍ടിസി വിട്ടുനല്‍കുമെന്ന് ഗതാഗത മന്ത്രി

കോഴിക്കോട്: കൊറോണ വൈറസ് സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന വേളയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ കോളേജുകളുടെ ആവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ആവശ്യമെങ്കില്‍ വിട്ടുനല്‍കാന്‍ തയ്യാറെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. ഇതിനകം തന്നെ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകള്‍ക്കും കാസര്‍കോഡ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ബസ്സുകള്‍ ഓടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റ് ജില്ലകളിലേയ്ക്കും നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്.

ജില്ലാ കളക്ടര്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് വിട്ടുകൊടുക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുഗതാഗതം പൂര്‍ണ്ണമായും നിലച്ച സാഹചര്യത്തില്‍ വാഹനമില്ലാത്തതിന്റെ പേരില്‍ ജീവനക്കാര്‍ക്ക് എത്തിപ്പെടാതിരിക്കുന്ന സാഹചര്യമുണ്ടാകരുത്. മറ്റുള്ള ആളുകളെ ഒരു കാരണവശാലും കയറ്റാന്‍ പാടില്ല. ഷിഫ്റ്റ് അനുസരിച്ച് വാഹനത്തിന്റെ സര്‍വീസ് ക്രമീകരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് പലര്‍ക്കുമിപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാവാത്ത അവസ്ഥയാണ്. അനാവശ്യമായി നിരത്തിലിറങ്ങുന്നതും പോലീസ് നടപടിയെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്. അതുകൊണ്ട് കാര്യങ്ങള്‍ ഇനിയും കര്‍ശനമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version