ശ്വസനമോ ഭക്ഷണമോ വേണ്ട; ജീവനുണ്ടെന്നോ ഇല്ലെന്നോ പറയാൻ പറ്റാത്ത പരിണാമത്തിന്റെ ഒരു അബദ്ധമാണ് വൈറസ്; കൊറോണ കാലത്ത് അറിയണം എന്താണ് വൈറസെന്ന്; വൈറൽ കുറിപ്പ്

തൃശ്ശൂർ: കൊറോണ വൈറസുണ്ടാക്കുന്ന കൊവിഡ് 19 എന്ന രോഗം ലോകത്തെ തന്നെ പിടിച്ചുലയ്ക്കുമ്പോൾ എല്ലാവരും തേടുന്നത് ഈ വൈറസിനെ ഇല്ലാതാക്കുന്ന മരുന്നിനെ കുറിച്ചാണ്. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കൊറോണയെ പ്രതിരോധിക്കുന്ന മരുന്നും വാക്‌സിനും അതിജീവനത്തിന് അത്യാവശ്യവുമാണ്. എന്നാൽ, എന്തുകൊണ്ടാണ് ഈ മരുന്ന് കണ്ടെത്താൻ ആധുനിക ശാസ്ത്രം ഇത്രയേറെ വളർന്ന കാലത്തും സാധിക്കാത്തത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുകയാണ് തിരുവനന്തപുരം കോളേജ് ഫോർ വുമണിലെ സുവോളജി വിഭാഗം മുൻ മേധാവിയായിരുന്ന ഡി മോഹൻ കുമാർ.

വൈറസുകൾ എന്നാൽ എന്താണെന്നും ഇവ ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മോഹൻ കുമാർ വ്യക്തമാക്കുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാവുകയുമാണ്.

ഡി മോഹൻകുമാറിന്റെ കുറിപ്പ്:

‘വൈറസിനെന്തേ മരുന്നില്ലാത്തത്’

പരിണാമത്തിന്റെ ഒരു അബദ്ധം ആണ് വൈറസ്. ജീവനുണ്ടോ? ഉണ്ട്. ജീവനില്ലേ? ഇല്ല. ഭൂലോകത്തു കാണുന്ന ഒന്നിനും ഇല്ലാത്ത പ്രത്യേകത. ജീവനുള്ള ഒരു കോശത്തിൽ എത്തിയാൽ വൈറസിന് ജീവൻ വെക്കും. കോശത്തിൽ നിന്നും പുറത്തിറങ്ങിയാൽ ജീവൻ പോകും. കക്ഷി ശ്വസിക്കില്ല, ആഹാരം കഴിക്കില്ല, വിസർജിക്കില്ല, ഒന്നുമില്ല. ഒരസാധാരണ ജന്മം.

കാര്യം വേറൊന്നുമല്ല, വൈറസ് എന്ന് പറയുന്നത് ‘പൊതിഞ്ഞു വച്ചിരിക്കുന്ന ഒരു DNA അല്ലെങ്കിൽ RNA’ മാത്രമാണ്. ഒരു പ്രോടീൻ ചെപ്പിനുള്ളിൽ ഒരു Nucleic Acid, അത്രമാത്രം.

DNA ഉള്ളതിനെ DNA Virus എന്നും RNA ഉള്ളതിനെ RNA വൈറസ് എന്നും വിളിക്കും. എല്ലാ ജീവികളുടെയും ജനിതക വസ്തുവാണ് DNA (De Oxy Ribonucleic Acid) കോശത്തിലെ ക്രോമോസോമിൽ ഉള്ളത്. DNA യുടെ നിർദേശം അനുസരിച്ചു പ്രോടീൻ ഉണ്ടാക്കലാണ് ന്യുക്ലിയസിനു പുറത്തു കാണുന്ന RNA (Ribonucleic Acid) യുടെ ജോലി.

ഇങ്ങിനെ RNA യെ കൊണ്ട് പണിയും ചെയ്യിച്ചു DNA രാജകീയമായി വാഴുമ്പോൾ ആണ് വൈറസ് എന്ന ആ ‘പൊടിക്കുപ്പി’ എത്തുന്നത്. കക്ഷി മൂക്കിലൂടെയോ വായിലൂടെയോ അകത്തു പെട്ടുപോയതാണ്. ജീവനുള്ള കോശത്തെ കാണുമ്പൊൾ പൊടിക്കുപ്പി ഉണരും.

പിന്നെയങ്ങോട്ട് ബഹളമാണ്. കോശത്തിന്റെ പുറത്തു ചാടി കയറും. ഒരു വിമാനം ഇറങ്ങുന്നതുപോലെ. ചുറ്റും ഉള്ള കാലുകൾ പോലുള്ള തന്തുക്കൾ കൊണ്ട് കോശത്തിന്റെ പുറത്തു അമർന്നിരിക്കും. പിന്നെ ഉള്ളിലെ DNA അകത്തേക്ക് കുത്തിവയ്ക്കും.

DNA പോയി കഴിഞ്ഞാൽ പൊടിക്കുപ്പി ഇളകി തെറിക്കും. ബാക്കിയൊക്കെ ഉള്ളിൽ എത്തിയ DNA യുടെ പണിയാണ്. അത് ഉള്ളിൽ ചെന്ന് അധികാരം കൈയ്യടക്കും. എന്നിട്ട് കോശത്തിന്റെ RNA യോട് സ്വന്തം കൂട് ഉണ്ടാക്കാനുള്ള പ്രോടീൻ തരാൻ ആജ്ഞാപിക്കും. RNA ക്ക് അനുസരിക്കാതിരിക്കാൻ പറ്റില്ല .അതുവരെ നിയന്ത്രിച്ചിരുന്ന സ്വന്തം Boss നെ കടന്നുവന്ന DNA വിരട്ടി നിർത്തിയിരിക്കുകയാണ്. ഗത്യന്തരമില്ലാതെ RNA, വൈറസ് DNA പറയുന്ന പോലെ പ്രോടീൻ കൂടുകൾ (Capsid) ഉണ്ടാക്കി കൊടുക്കും. അതും കോശം സൂക്ഷിച്ചിരിക്കുന്ന അമിനോ ആസിഡുകൾ കൊണ്ട്.

കൂടുകൾ റെഡിയായി കഴിഞ്ഞാൽ പിന്നെ വൈറസ് DNA ക്ക് പിടിപ്പത് പണിയാണ്. ഒരു DNA ഉള്ളിൽ കടന്നുവെങ്കിലും അത് പലതായി വിഭജിച്ചു ഓരോ പുതിയ DNA യും ഓരോ കൂടിൽ കടക്കും. അങ്ങിനെ കോശം നിറയെ പുതിയ വൈറസുകൾ. പിന്നെ എല്ലാവരും ജാഥയായി കോശത്തിനെ പൊട്ടിച്ചു പുറത്തിറങ്ങും. വഴിപിരിഞ്ഞു പിന്നെ മറ്റ് കോശങ്ങളിൽ ആക്രമണം തുടങ്ങും. കഥകളിലെ ചില അസുരന്മാരെ പോലെ. ഒരുതുള്ളി ചോരയിൽ നിന്നും ഒരായിരം അസുരന്മാർ ഉണ്ടാകുന്നതു പോലെ, ഒറ്റ വൈറസിൽ നിന്നും ലക്ഷകണക്കിന് എണ്ണം.

എല്ലാംകൂടി കോശങ്ങളെ തളർത്തി അസുഖം ആക്കി മാറ്റും. പക്ഷേ ശരീരം വെറുതേ ഇരിക്കില്ല. സ്വന്തം ആന്റിബോഡികളെ ഇറക്കി എല്ലാത്തിനെയും ഓടിക്കും. വൈറസ് പനിയെ പറ്റി പറയുമ്പോൾ ഒരു ചൊല്ലുണ്ട്. ‘മരുന്ന് കഴിച്ചാൽ ഒരാഴ്ച കൊണ്ടും മരുന്ന് കഴിച്ചില്ലെങ്കിൽ 7 ദിവസം കൊണ്ടും പനി മാറും’. മരുന്ന് നിരർത്ഥകം എന്ന് ചുരുക്കം.

ശരീരം തീർക്കുന്ന സ്വയം പ്രതിരോധം മാത്രമേ വൈറസിനെ ഓടിക്കാൻ തൽകാലം ഉപായമായുള്ളു. വൈറസ് തളർത്തിയ ശരീരത്തിൽ മുതലെടുപ്പിനായി ബാക്ടീരിയ എത്തും. അതിനെ നശിപ്പിക്കാൻ Antibiotic സഹായിക്കും.

വൈറസിനെതിരെ മരുന്ന് ഉണ്ടാക്കാനുള്ള പരിമിതി അതിന്റെ സ്വഭാവം കാരണമാണ്. വൈറസ്, ബാക്ടീരിയ പോലെ ഒരു ജീവിയല്ല. ആകെ സജീവമായി ഉള്ളത് DNA അല്ലെങ്കിൽ RNA അത് രണ്ടും കോശത്തിലെ DNA, RNA പോലെയുള്ളതും. അപ്പോൾ അതിനെ നശിപ്പിക്കാൻ ഉള്ള മരുന്ന് കോശത്തിലെ DNA, RNA എന്നിവയെയും ബാധിക്കും.

ഏക വഴി ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടാൻ ആന്റിബോഡികൾ കൊണ്ട് നിറയ്ക്കുകയാണ്. അതാണ് വാക്‌സിനേഷൻ. ഒരു രോഗത്തിന്റെ വൈറസിനെ നിർജീവം ആക്കി നിർമ്മിക്കുന്നതാണ് വാക്‌സിൻ. അത് കുത്തി വെക്കുമ്പോൾ ശരീരം വിചാരിക്കും ജീവനുള്ള വൈറസ് ആണെന്ന്. അങ്ങിനെ തെറ്റിദ്ധരിച്ചു അതിനെതിരെ ആന്റിബോഡികൾ ഉണ്ടാക്കും. വാക്‌സിനിൽ ഉള്ള നിർജ്ജീവ വൈറസ് രോഗം ഉണ്ടാക്കുകയും ഇല്ല. വാക്‌സിനേഷൻ വഴി ഉണ്ടായ ആന്റിബോഡികൾ കാവൽ നിൽക്കുമ്പോൾ ശരിയായ വൈറസ് വന്നുപെട്ടാൽ അപ്പൊ തീരും. കാരണം ആ വൈറസിനെതിരെ നിർമ്മിച്ച ആന്റിബോഡികൾ ആണ് കാവൽ നിൽക്കുന്നത്.

ചില RNA വൈറസുകൾക്കെതിരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടുണ്ട്. DNA വൈറസ് വിഭജിക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് RNA വൈറസു വിഭജിക്കുന്നത്. അതിന് വേണ്ട എൻസൈമുകളെ മരുന്ന് നിർജ്ജീവമാക്കി RNA വിഭജനം തടയും. പക്ഷേ എല്ലാ RNA വൈറസിലും ഇത് നടക്കില്ല. ബാക്റ്റീരിയയെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ചില Antibiotic, RNA വൈറസു വിഭജനം തടയുമെന്നു കണ്ടിട്ടുണ്ട്. ഫലം വൈറസിനെ ആശ്രയിച്ചിരിക്കും.

Exit mobile version